ന്യൂജഴ്സി∙ ബേബി പൗഡറും മറ്റ് ടാൽകം ഉൽപന്നങ്ങളും ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന പരാതിയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 550 കോടി ഡോളർ (ഏകദേശം 52,699 കോടി രൂപ) നഷ്ടപരിഹാരം നൽകും. ഒരു പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പതിനായിരക്കണക്കിനു വരുന്ന പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസണോട് ന്യൂജഴ്സിലെ ഫെഡറൽ കോടതി ഉത്തരവിട്ടത്. ജോൺസൺ ബേബി പൗഡറിന്റെ ഉപയോഗം ഗർഭാശയഗള അർബുദത്തിന് കാരണമായെന്ന് അവകാശപ്പെട്ട് പരാതി നൽകിയവരിൽ 76,000ത്തിലേറെപ്പേർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ജോൺസൺ ആൻഡ് ജോൺസണിന്റെ ബേബി പൗഡറുകളിൽ ആസ്ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇതിന്റെ നിരന്തര ഉപയോഗം മെസോതെലിയോമ ഉൾപ്പെടെയുള്ള അർബുദ ബാധയ്ക്ക് കാരണമായെന്നുമാണ് പരാതികളിലേറെയും. പരാതിക്കാരിൽ 95 ശതമാനം പേർക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജീവൻ രക്ഷാമരുന്നുകളും ഉപകരണങ്ങളും നിർമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് വിഷയം തീർപ്പാക്കുന്നതെന്നും ജോൺസൺ ആൻഡ് ജോൺസൺ വൈസ് പ്രസിഡന്റ് (പരാതി പരിഹാര വിഭാഗം) എറിക് ഹാസ് പറഞ്ഞു.








