Headlines

പരാമര്‍ശം അങ്ങേയറ്റം അപലപനീയം; ടി.ജി. മോഹന്‍ദാസിനെ തള്ളി ആര്‍എസ്എസ്; സംഘടനയുടെ ഔദ്യോഗിക ചുമതലയില്‍ ഇല്ലാത്തയാളെന്ന് വിശദീകരണം

 

ഡല്‍ഹി പ്രതിഷേധത്തെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ടി ജി മോഹന്‍ദാസിനെ തള്ളി ആര്‍എസ്എസ്. പരാമര്‍ശം വ്യക്തിപരമെന്നും അപലപനീയമെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. പരാമര്‍ശം വിവാദമായതോടെയാണ് ടി ജി മോഹന്‍ദാസിനെ തള്ളി നേതൃത്വം തന്നെ രംഗത്തെത്തിയത്. പ്രതിഷേധത്തെ കുറിച്ചുള്ള ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം വ്യക്തിപരമാണെന്നും ആര്‍എസ്എസ് അതിനോട് യോജിക്കുന്നില്ലെന്നും ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹക് കെ.ബി ശ്രീകുമാര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ ഒരുതരത്തിലുള്ള ചുമതലകളും നിലവില്‍ ടി ജി മോഹന്‍ദാസ് വഹിക്കുന്നില്ലെന്നും ആര്‍എസ്എസ് വ്യക്തമാക്കി.

 

 

ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശത്തിന് എതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പരാതി നല്‍കും. സര്‍ക്കാരും ഹൈകോടതിയും വിഷയത്തില്‍

ഇടപെടണമെന്ന് പി കെ ശ്രീമതി ആവശ്യപ്പെട്ടു.

 

പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ വെടി വെക്കണമെന്ന പരാമര്‍ശത്തിനെതിരെ ടി ജി മോഹന്‍ദാസിന്റെ വസതിയിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ടി ജി മോഹന്‍ദാസിന്റെ കോലം കത്തിച്ചു. പ്രതിഷേധക്കാരെ വസതിക്കുമുന്നില്‍ പൊലീസ് ബാരിക്കേട് ഉപയോഗിച്ച് തടഞ്ഞു.

 

ടി ജി മോഹന്‍ദാസിന്റ പരാമര്‍ശത്തില്‍ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം.