തൊടുപുഴ ∙ പുതുതായി നിർമിച്ച സ്വകാര്യ ആയുർവേദ ആശുപത്രിക്കെട്ടിടത്തിന് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയതിന് 75,000 രൂപ കൈക്കൂലി വാങ്ങിയ തൊടുപുഴ നഗരസഭയിലെ അസി. എക്സിക്യൂട്ടീവ് എൻജിനീയർ വിജിലൻസ് പിടിയിൽ. എറണാകുളം കറുകുറ്റി സ്വദേശി എം.പി.ജോസ് (54) ആണ് അറസ്റ്റിലായത്. നഗരസഭയിലെ സെക്രട്ടറി ഇൻ ചാർജ് കൂടിയാണു പ്രതി.തൊടുപുഴ സ്വദേശിയായ പരാതിക്കാരൻ കംപ്ലീഷൻ സർട്ടിഫിക്കറ്റിന് 2025 ഒക്ടോബറിൽ ഓൺലൈനായി അപേക്ഷ സമർപ്പിച്ചിരുന്നു. ഒരു മാസത്തോളം ഫയൽ പിടിച്ചുവച്ച എൻജിനീയർ, സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. കൈക്കൂലിത്തുക ഒഴിവാക്കി കിട്ടുന്നതിന് പരാതിക്കാരൻ തന്റെ ബിൽഡിങ് എൻജിനീയർ മുഖേന എം.പി.ജോസിനോട് സംസാരിച്ചപ്പോൾ, ‘പിന്നീട് വേണ്ട വിധം ചെയ്താൽ മതി’യെന്നു പറഞ്ഞു.പിന്നീട് 2 ലക്ഷം രൂപ കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെടുകയും അതിൽ 75,000 രൂപ ഉടൻ തന്നെ നൽകണമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പരാതിക്കാരൻ വിവരം ഇടുക്കി വിജിലൻസ് യൂണിറ്റ് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.
കണ്ണൂരിൽ അസി.എൻജിനീയർ പിടിയിൽ
കണ്ണൂർ ∙ കെട്ടിടനിർമാണ പെർമിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപറേഷൻ എടക്കാട് സോണിലെ അസി.എൻജിനീയർ താഴെ ചൊവ്വ സ്വദേശി പി.മുഹമ്മദ് അസ്ലമിനെ (31) വിജിലൻസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് അസ്ലം ആവശ്യപ്പെട്ടതു പ്രകാരം പരാതിക്കാരൻ ഇന്നലെ രാത്രി 7.30ന് കാൽടെക്സിൽ സന്നിധാൻ റോഡിൽ വച്ച് പണം കൈമാറുന്നതിനിടെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. ബിൽഡിങ് പെർമിറ്റിനുള്ള അപേക്ഷ പത്തു മാസത്തിലേറെ വച്ചുതാമസിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000 രൂപ ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി. ആദ്യഗഡുവായാണ് 15,000 രൂപ കൈമാറിയത്. ഇയാൾക്കെതിരെ നേരത്തേ പരാതി ലഭിച്ചിരുന്നതിനാൽ നിരീക്ഷണത്തിലായിരുന്നുവെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ഇയാളുടെ താഴെ ചൊവ്വയിലെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി.








