ആലപ്പുഴ: നെഹ്രു ട്രോഫി വള്ളംകളിയുടെ വേദിയും സൗകര്യങ്ങളും ഉൾപ്പെടെയുള്ള നടത്തിപ്പില്‍ നിന്ന് വിവാദ കമ്പനിയായ ഓസ്കാര്‍ ഇവന്റ്സിനെ ഒഴിവാക്കി. എന്‍ടിബിആര്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലെ എതിര്‍പ്പിന് പിന്നാലെ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കിയത്. ഇറിഗേഷന്‍ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കൊച്ചിയില്‍ ഉമാ തോമസിന് പരിക്കേറ്റ പരിപാടിയുടെ സംഘാടക കമ്പനിയായ ഓസ്കാര്‍ ഇവന്റ്സിന് കരാർ നൽകാനുള്ള നീക്കത്തിൽ എതിർപ്പുകൾ ഉയർന്നിരുന്നു.
ടെന്‍ഡര്‍ സമര്‍പ്പിച്ച മൂന്ന് കമ്പനികളില്‍ നിന്നും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഓസ്കാര്‍ ഇവന്റ്സിനെ തെരഞ്ഞെടുത്തു എന്നാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ സബ് കമ്മിറ്റി നെഹ്റുട്രോഫി ബോട്ട് റൈസ് കമ്മറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ അറിയിച്ചത്. ജനപ്രതിനിധികള്‍ അറിയാതെയായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നീക്കം.
ഓസ്കാര്‍ ഇവന്‍സിന് ടെന്‍ഡര്‍ നല്‍കാനുള്ള തീരുമാനത്തില്‍ ക്രമക്കേടുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. വിവാദത്തില്‍ പെട്ട കമ്പനിയെ നെഹ്റു ട്രോഫി പോലെ വന്‍ ജനപങ്കാളിത്തമുള്ള പരിപാടിയുടെ നടത്തിപ്പ് ഏൽപ്പിക്കുന്നതിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നിരുന്നു. ടെന്‍ഡര്‍ ഓസ്കാര്‍ ഇവന്റസിന് നല്കുന്നതില് പ്രതിഷേധം ശക്തമായി. ഇതോടെ ടെന്‍ഡര്‍ നടപടികള്‍ അട്ടിമറിച്ച് ഓസ്കാറിന് കരാര്‍ നല്‍കാനുള്ള ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ പാളി.
തുടർന്ന് ജില്ലാ കളക്ടറുടെ നിര്‍ദേശം പ്രകാരം ഓസ്കാര്‍ ഉള്‍പ്പെട്ട ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി. ഈ മാസം 31 വരെ പുതിയ ടെന്‍ഡര്‍ സ്വീകരിക്കുമെന്നു അധികൃതർ അറിയിച്ചു. പ്രധാന പവലിയനുകള്‍ക്ക് പുറമെ പന്തല്‍, വിവിഐപികള്‍ക്ക് ഭക്ഷണം, ഇലക്ട്രിക്കല്‍ ജോലികള്‍, എല്‍ഇഡി വാള്, സിസിടിവി, അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം ഉള്‍പ്പടെ 50 പ്രവര്‍ത്തികളാണ് സ്വകാര്യ കമ്പനിക്ക് നല്‍കുന്നത്.






