പണം അയച്ചാൽ ലഹരി വാങ്ങാനുള്ള ലൊക്കേഷൻ; ഓപ്പറേഷൻ തൂഫാനിൽ അധ്യാപികയും കുടുങ്ങി

 

വടകര ∙ സംസ്ഥാനത്ത് അധ്യാപികമാരെ ഇടനിലക്കാരാക്കിയും ലഹരിക്കടത്ത്. വടകരയിൽ ഓപ്പറേഷൻ തൂഫാനിൽ ഒരു അധ്യാപിക കൂടി പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിയുമായ കാവ്യയാണ് പിടിയിലായത്. കഴിഞ്ഞ 11ന് അധ്യാപികയായ കീർത്തനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഇടപാടിൽ കണ്ണിയാണെന്ന് മനസിലായത്.എംഡിഎംഎ ആവശ്യമുള്ളവർ കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതായി തെളിഞ്ഞു. വാങ്ങുന്നവരുമായി നേരിട്ടു ബന്ധമില്ലാത്ത കാവ്യ സാധനം ലഭ്യമാകുന്ന ലൊക്കേഷൻ അയച്ചു കൊടുക്കും. മൊത്ത വിൽപനക്കാരുമായി കാവ്യയ്ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.എസ്ഐ സി.ഷമീർ, എഎസ്ഐമാരായ കെ.കെ.സിജേഷ്, എം.പി.ഷീന, കെ.ഷീബ എന്നിവരും ചേർന്നു നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. ഇതു പോലെ കുടുതൽ സ്ത്രീകൾ ലഹരി വിൽപനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം വ്യാപകമാക്കി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലായ കീർത്തനയെ സർവശിക്ഷാ കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടർ സസ്പെൻഡ് ചെയ്തു.