തിരുവനന്തപുരം ∙ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണം പിഎസ്സി ഉന്നത ഉദ്യോഗസ്ഥരിലേക്ക്. ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയവുമായി ബന്ധപ്പെട്ട 3 ഉദ്യോഗസ്ഥരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി. ഡപ്യൂട്ടി സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, സിസ്റ്റം അനലിസ്റ്റ് എന്നിവരാണ് മൊഴി നൽകിയത്. മൂല്യനിർണയത്തിലുണ്ടായ വീഴ്ച സംബന്ധിച്ചു വ്യക്തത വരുത്തുകയാണു ലക്ഷ്യം. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്നാണു സൂചന.ഒരു ലക്ഷത്തിലേറെ രൂപ ശമ്പളമുള്ള തസ്തികയിലേക്കു നടന്ന പരീക്ഷയുടെ മൂല്യനിർണയത്തിൽ 10 ചോദ്യങ്ങൾ ഒഴിവാക്കിയതാണു വിവാദമായത്. ഒന്നാം പേപ്പറിന്റെ ഇക്കണോമിക്സ് വിഷയത്തിൽ 10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താൻ ആരെയും നിയോഗിക്കാതിരുന്നത് എന്തുകൊണ്ടാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.ഇതിനിടെ, കൂടുതൽ പരീക്ഷകൾ സംബന്ധിച്ചുള്ള പരാതികൾ എസ്ഐടിക്കു ലഭിച്ചു. കേരഫെഡിലെ അസിസ്റ്റന്റ്/കാഷ്യർ തസ്തികയിലെ നിയമനത്തിൽ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് പിഎസ്സി വിജ്ഞാപനം ഇറക്കിയെന്നാണ് ഉദ്യോഗാർഥികൾ പരാതി നൽകിയത്.
നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്തണമെന്നു സർക്കാർ രേഖാമൂലം ആവശ്യപ്പെട്ടിട്ടും, ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസ് മറച്ചുവച്ച് പുതിയ വിജ്ഞാപനമിറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.2017ൽ അപെക്സ് സഹകരണ സ്ഥാപനങ്ങളിലേക്കുള്ള എൽഡിസി റാങ്ക് ലിസ്റ്റ് നിലനിൽക്കെ, കേരഫെഡ് അസിസ്റ്റന്റ്/ കാഷ്യർ തസ്തികയിലെ 23 ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഈ തസ്തികകൾ ആദ്യമായാണ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നത്.
തസ്തികകൾ പുനർനാമകരണം ചെയ്തെങ്കിലും സർക്കാർ നിശ്ചയിച്ച യോഗ്യതയും ശമ്പളവും സമാനമായതിനാൽ നിലവിലുള്ള എൽഡിസി ലിസ്റ്റിൽ നിന്നുതന്നെ നിയമനം നടത്തണമെന്ന് അന്നത്തെ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പിഎസ്സിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പിഎസ്സി ഇത് അംഗീകരിച്ചില്ല. പരാതിയുമായി പിഎസ്സി ചെയർമാനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഉദ്യോഗാർഥികൾ പറയുന്നു. തുടർന്ന് വിഷയം ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിഎസ്സി പുതിയ നിയമനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു.2025 ജനുവരിയിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും, മുൻ ലിസ്റ്റുകാർക്കു ലഭിക്കേണ്ടിയിരുന്ന ഒഴിവുകളിലേക്ക് പുതിയ ലിസ്റ്റിൽനിന്ന് നിയമനം നടത്തുകയും ചെയ്തെന്നാണ് ഉദ്യോഗാർഥികളുടെ പരാതി.









