ഇന്റർനെറ്റോ മൊബൈൽ നെറ്റ്‌വർക്കോ സെൻട്രലൈസ്ഡ് സെർവറുകളോ ഇല്ലാതെ പ്രവർത്തിക്കുന്ന അത്യാധുനിക ഡീസെൻട്രലൈസ്ഡ് മെസ്സേജിങ് ആപ്പായ ‘ബിറ്റ്ചാറ്റ്’ ഹോസ്റ്റ് ചെയ്തിരിക്കുന്ന റൊപ്പോസിറ്ററികൾനീക്കം ചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വെയർ പ്ലാറ്റ്‌ഫോമായ ഗിറ്റ്ഹബ്ബിന് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററാണ് (I4C) ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.ജാക്ക് ഡോർസി രൂപകല്പന ചെയ്ത ആപ്പാണിത്. ഐടി ആക്ടിലെ ഭേദഗതി ചെയ്ത ‘റീസൺഡ് ഇന്റിമേഷൻ’ സംവിധാനം ഉപയോഗിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾക്കോ വിഡിയോകൾക്കോ പകരമായി ഒരു ആപ്പിന്റെ സ്രോതസ്സ് കോഡ് (Source Code) തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നത് ആദ്യ സംഭവങ്ങളിലൊന്നാണ്.എന്താണ് ബിറ്റ്ചാറ്റ്? നിരോധനത്തിലേക്ക് നയിച്ച കാരണങ്ങൾ
ബ്ലൂടൂത്ത് മെഷ്: സാങ്കേതികവിദ്യ ഉപയോഗിച്ച് തൊട്ടടുത്തുള്ള ഉപകരണങ്ങൾ തമ്മിൽ നേരിട്ട് (Peer-to-Peer) ആശയവിനിമയം നടത്താൻ സഹായിക്കുന്ന ആപ്പാണ് ബിറ്റ്ചാറ്റ്.റജിസ്ട്രേഷൻ ഇല്ല: ഫോൺ നമ്പറോ ഉപയോക്താക്കളുടെ വിവരങ്ങളോ റജിസ്റ്റർ ചെയ്യാതെ തന്നെ പൂർണ്ണമായും അജ്ഞാതമായി സംസാരിക്കാൻ ഇത് സൗകര്യമൊരുക്കുന്നു.
സെൻട്രലൈസ്ഡ് സെർവറുകളോ കമ്യൂണിക്കേഷൻ ലോഗുകളോ ഇല്ലാത്തതിനാൽ ക്രമസമാധാന പാലകർക്ക് ഉപയോക്താക്കളുടെ ഉറവിടം കണ്ടെത്താനോനിയമപരമായ നിരീക്ഷണങ്ങൾ നടത്താനോസാധിക്കില്ല.കലാപങ്ങൾ, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ പ്രദേശത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചാൽ പോലും ഈ ആപ്പ് വഴി ആളുകൾക്ക് വിവരങ്ങൾ കൈമാറാൻ സാധിക്കും.ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയെന്ന് കേന്ദ്രം
നിയമവിരുദ്ധ കൂട്ടായ്മകൾ ഏകോപിപ്പിക്കാനും, അക്രമങ്ങൾക്കും കലാപങ്ങൾക്കും ആഹ്വാനം ചെയ്യാനും, വ്യാജവാർത്തകളും ഭീകരവാദ ആശയങ്ങളും പ്രചരിപ്പിക്കാനും ഇത്തരത്തിലുള്ള ഡീസെൻട്രലൈസ്ഡ് പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുകൾ ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് മൂന്ന് മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട കോഡുകൾ നീക്കം ചെയ്യാൻ ഐ4സി (I4C) നിർദ്ദേശം നൽകിയതത്രെ. ‘ഇന്ത്യാ ഗവൺമെന്റിന് ബിറ്റ്ചാറ്റ് പോലുള്ള സാങ്കേതികവിദ്യകൾ ഇഷ്ടമല്ല, അതുകൊണ്ടാണ് ഇത് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്നതെന്ന് ഉത്തരവിന് പിന്നാലെ ജാക്ക് ഡോർസി എക്‌സിൽ കുറിച്ചു.







