ഇഷ്ടക്കാർക്കു ജോലി നൽകാൻ പിഎസ്‌സി ഏതറ്റംവരെയും പോകുമെന്നതിന്റെ തെളിവായി കയർ കോർപറേഷനിലെ പഴ്സനേൽ മാനേജർ നിയമനം. 2014ലാണ് ഈ നിയമനം പിഎസ്‌സിക്കു കീഴിലാക്കിയത്. സംസ്ഥാനതലത്തിൽ ഉണ്ടായിരുന്നത് ഒറ്റ ഒഴിവു മാത്രം. പരീക്ഷയ്ക്കും തുടർന്നു നടന്ന സർട്ടിഫിക്കറ്റ് പരിശോധനയ്ക്കും പിന്നാലെ മതിയായ യോഗ്യതയില്ലെന്ന കാരണത്താൽ ഉദ്യോഗാർഥിയെ അഭിമുഖത്തിനു പരിഗണിച്ചില്ല. സംസ്ഥാനത്തു പഠിപ്പിക്കുന്നുപോലുമില്ലാത്ത വിഷയത്തിൽ സ്പെഷലൈസേഷൻ ഇല്ലെന്ന ന്യായമാണു പറഞ്ഞത്. ഹൈക്കോടതി ഇടപെടലിലൂടെ അഭിമുഖത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചു. സാധാരണനിലയിൽ തസ്തികയുടെ അടിസ്ഥാനത്തിൽ 3 അംഗങ്ങൾ വരെയാണ് അഭിമുഖ ബോർഡിൽ ഉണ്ടാകാറുള്ളതെങ്കിൽ തന്നെ അഭിമുഖം ചെയ്തത് 8 പേരാണെന്ന് ഉദ്യോഗാർഥി പറയുന്നു.ശേഷം പുറത്തിറക്കിയ അന്തിമപട്ടികയിലെ 8 പേരിൽ ഈ ഉദ്യോഗാർഥി ഉണ്ടായിരുന്നില്ല. ഉത്തരസൂചികയുമായി ഒത്തുനോക്കിയപ്പോൾ ഒഎംആർ പേപ്പറിൽ 97 ഉത്തരങ്ങൾ അടയാളപ്പെടുത്തിയ ഉദ്യോഗാർഥിക്ക് 40 മാർക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, 24 മാർക്ക് നേടിയ ആൾക്കായിരുന്നു ഒന്നാം റാങ്ക്. 2019ൽ നിയമനം നൽകുകയും ചെയ്തു. തുടർന്ന് വിവരാവകാശ പ്രകാരം തന്റെ ഉത്തരക്കടലാസ് ആവശ്യപ്പെട്ട ഉദ്യോഗാർഥിക്കു പിഎസ്‌സി നൽകിയില്ല. ഹൈക്കോടതിയെ സമീപിച്ചപ്പോഴാണു ലഭിച്ചത്. ഇതാകട്ടെ ഒറ്റനോട്ടത്തിൽത്തന്നെ വ്യാജമായി നിർമിച്ചതെന്നു മനസ്സിലാകുന്നതും. സ്വകാര്യ പരാതി നൽകാൻ ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് കേസ് വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിധിയിലാണ്.വ്യാജ ഉത്തരക്കടലാസ് ആണെന്ന ഉദ്യോഗാർഥിയുടെ വാദം കേട്ട കോടതി കയ്യെഴുത്ത് പരിശോധിക്കാൻ ഫൊറൻസിക് സയൻസ് ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിനായി 400 വിധത്തിൽ സ്വീകരിച്ച കയ്യെഴുത്ത്, പഠനകാലത്തെ നോട്ട്ബുക്കുകൾ, മക്കളുടെ നോട്ട്ബുക്ക് എന്നിവയടക്കം ഫൊറൻസിക് അധികൃതർ വാങ്ങിയെങ്കിലും ഫലം നൽകുന്നില്ല. ഏഴു തവണയാണ് ഫൊറൻസിക് ലാബ് ഡയറക്ടർ ഫലം സമർപ്പിക്കാൻ കോടതിയോടു സമയം തേടിയത്.









