Headlines

കേരളത്തിന്റെ യൗവ്വനം പ്രതിഷേധമേറ്റെടുത്തു, പിന്തുണയുമായി അവര്‍ ഒരുമിച്ചെത്തിയതില്‍ സന്തോഷം: അഭിജീത് ദീപ്‌കെ

 

ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ആവര്‍ത്തിച്ച് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സമാധാനപരമായ പ്രതിഷേധം ജന്തര്‍ മന്തറില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ യൗവ്വനം പ്രതിഷേധമേറ്റെടുത്തുവെന്നും അവര്‍ പിന്തുണയുമായി ഒരുമിച്ചെത്തിയെതില്‍ സന്തോഷമുണ്ടെന്നും അഭിജീത് പറഞ്ഞു.

 

അതേസമയം, ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കാനുള്ള തീരുമാനത്തിലാണ് സർക്കാരും ബിജെപിയും. ധർമേന്ദ്ര പ്രധാനൊപ്പം ഉറച്ച് നിൽക്കാനും സമ്മർദ്ദത്തിന് വഴങ്ങേണ്ടെന്നുമാണ് ബിജെപിയുടെ തീരുമാനം. കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗും ജെ പി നദ്ദയുമായി നടത്തിയ ചർച്ചയിലും ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ഒഴിച്ചുള്ള സിജെപി നേതാക്കളുടെ നിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചിരുന്നു. ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ തീരുമാനം എടുക്കാൻ നാളെ ഉച്ചവരെ കേന്ദ്ര സർക്കാർ സാവകാശം തേടിയിരുന്നു.

 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതുവരെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കില്ലെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. ധര്‍മേന്ദ്ര പ്രധാന് കേന്ദ്ര മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജ്യത്തിന്റെ വ്യദ്യാഭ്യാസ മേഖലയെ തകര്‍ത്തെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ ക്രിമിനല്‍ വിദ്യാഭ്യാസമന്ത്രിയാണ്, അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരായ പൊലീസ് ക്രൂരതയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് ഹൗസ് സമുച്ചയത്തില്‍ സംസാരിച്ച രാഹുല്‍ ഗാന്ധി, സഭയില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ലെന്നും അവകാശപ്പെട്ടു.ഡല്‍ഹിയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങാന്‍ കാരണം ധര്‍മേന്ദ്ര പ്രധാനാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. സമരത്തില്‍ ‘വിദ്യാര്‍ത്ഥികള്‍ക്ക് മൂന്ന് ആവശ്യങ്ങളുണ്ട്. അഴിമതിക്കാരനായ വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കണം, വിദ്യാര്‍ത്ഥികളെ തല്ലിയവര്‍ നടപടി നേരിടണം, പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിക്കണം. ഇതാണ് പ്രധാന മൂന്ന് വ്യവസ്ഥകളെന്നും’ രാഹുല്‍ ഗാന്ധി പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നത് വരെ ഞങ്ങള്‍ ഒരു സംഭാഷണമോ ചര്‍ച്ചയോ നടത്താന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.