ഷിംല∙ ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് 13 പേർക്ക് ദാരുണാന്ത്യം. ഗോത്രവർഗ മേഖലയായ പാംഗി താഴ്വരയിലെ കില്ലർ-ഉദയ്പുർ റോഡിലുള്ള കാഡു നല്ലയിലാണ് ദുരന്തമുണ്ടായത്. മലഞ്ചെരുവിന്റെ ഒരു വലിയ ഭാഗം തകർന്ന് വാഹനത്തിനു മുകളിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന 13 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി ഭർമൗർ-പാംഗി എംഎൽഎ ഡോ. ജനക് രാജ് സ്ഥിരീകരിച്ചു.അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. തകർന്നടിഞ്ഞ വാഹനത്തിനുള്ളിൽനിന്നു മൃതദേഹങ്ങൾ പുറത്തെടുക്കാനും റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങൾ അധികൃതർ തുടരുകയാണ്. സംസ്ഥാനത്ത് ശക്തമായ മൺസൂൺ മഴ തുടരുന്നതിനിടയിലാണു ദാരുണമായ ദുരന്തം സംഭവിച്ചിരിക്കുന്നത്.വിവിധ ജില്ലകളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ജൂലൈ 23 മുതൽ 26 വരെ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന്, ജൂലൈ 27 മുതൽ മൺസൂൺ കൂടുതൽ ശക്തമാകുമെന്നും ജൂലൈ 27 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. ശക്തമായ മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിന്റെ പല ഭാഗങ്ങളിലും താപനില 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞിട്ടുണ്ട്. കില്ലർ-ഉദയ്പുർ റോഡ് ദുർഘടവും ഉരുൾപൊട്ടൽ സാധ്യതയേറിയതുമായ പ്രദേശമാണ്. കാലവർഷക്കാലത്ത് ഇവിടെ പാറക്കല്ലുകൾ ഉരുണ്ടുവീഴുന്നത് പതിവാണ്.






