Headlines

വിമതരോട് ഏറ്റുമുട്ടി; തൃണമൂൽ എംപി കല്യാൺ ബാനർജിക്ക് സസ്പെൻഷൻ

 

ന്യൂഡൽഹി ∙ പാർട്ടിവിട്ട വിമത എംപിമാരുമായി കൊമ്പുകോർത്ത തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിക്കു സസ്പെൻഷൻ. വനിതാ അംഗങ്ങൾക്കു നേരെ മോശം പ്രയോഗങ്ങൾ നടത്തിയെന്ന പരാതിയിൽ അദ്ദേഹത്തെ മഴക്കാല സമ്മേളനം കഴിയുന്നതു വരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.

 

നീറ്റ് വിഷയത്തിലെ പ്രതിപക്ഷ ബഹളത്തെത്തുടർന്നു ഇന്നലെ സ്പീക്കർ ലോക്സഭയിലെ നടപടികൾ നിർത്തിവച്ച ഘട്ടത്തിൽ എംപിമാർ പുറത്തേക്കു പോകുന്നതിടെയായിരുന്നു വാഗ്വാദമുണ്ടായത്.കല്യാൺ ബാനർജി ‘ചോർ’ (കള്ളൻ) എന്നടക്കമുള്ള പരാമർശങ്ങൾ നടത്തി. ഇതു ചോദ്യം ചെയ്ത് വിമത വിഭാഗത്തിലെ മിതാലി ബാഗ് അദ്ദേഹത്തിന് അടുത്തേക്ക് എത്തിയതോടെ തർക്കം രൂക്ഷമായി. തുടർന്ന് മറ്റ് പ്രതിപക്ഷ അംഗങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

 

പിന്നീട് മിതാലി ബാഗ്, ശതാബ്ദി റോയ്, കകോലി ഘോഷ് എന്നിവർ സ്പീക്കറെ കണ്ട് പരാതി നൽകി. ഉച്ചയ്ക്കുശേഷം സഭ വീണ്ടും ചേർന്നപ്പോൾ കേന്ദ്രമന്ത്രി അർജുൻ റാം മേഘ്‌വാൾ കല്യാൺ ബാനർജിയെ സസ്‌പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിക്കുകയും പാസാക്കുകയുമായിരുന്നു.സഭ വിട്ടുപോകുമ്പോഴും അദ്ദേഹം വിമതരുമായി കൊമ്പുകോർത്തു. സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങാൻപോലും ധൈര്യമില്ലാത്തവരാണ് അവരെന്നും 20 എംപിമാരുള്ള ആ പാർട്ടിക്ക് കഴിഞ്ഞ ഒന്നര മാസത്തിനിടെ കൊൽക്കത്തയിൽ ഒരു യോഗമെങ്കിലും നടത്താൻ കഴിഞ്ഞിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.