Headlines

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

 

ആശുപത്രി മാറ്റണമെന്ന പരിസ്ഥിതി-വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നിന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റും. മെഡിക്കൽ രേഖകൾ മേദാന്തയുമായി പങ്കിടാൻ കോടതി സഫ്ദർജംഗ് ആശുപത്രിയോട് നിർദേശിച്ചു. ഈ മാസം 18നാണ് സോനം വാങ് ചുകിനെ അതിനാടകീയമായി ആശുപത്രിയിലേക്ക് മാറ്റിയത്. ജൂൺ 29നാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രാജി ആവശ്യപ്പട്ട് സോനം വാങ് ചുക്ക് ജന്തർ മന്തറിൽ നിരാഹാര സമരം തുടങ്ങിയത്.

 

 

ജന്തർ മന്തറിൽ തുടർച്ചയായ 21 ദിവസം നിരാഹാരം കിടന്ന വാങ്ചുകിനെ ബലംപ്രയോഗിച്ചാണ് പൊലീസ് ഡൽഹി സഫ്ദർ ജങ് ആശുപത്രിയിലേക്ക് മാറ്റിയത്. രാജ്യതലസ്ഥാനത്തെ പിടിച്ചുകുലുക്കിയ, കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം ഇന്നും തുടരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തിൽ പിന്നോട്ടിലെന്നാണ് സിജെപിയുടെ നിലപാട്. സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ജന്തർ മന്തറിൽ തുടരുന്നത്. ചർച്ചയ്ക്ക് കേന്ദ്രസർക്കാരിന് വേണമെങ്കിൽ, ജന്തർ മന്തറിലേക്ക് വരാമെന്നാണ് സിജെപി വക്താവ് അശുതോഷ് റാങ്കയുടെ പ്രതികരണം.ഇന്നലത്തെ പ്രതിഷേധത്തിൽ ഇതുവരെ അഞ്ച് എഫ്ഐആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുന്നത് പരിഗണനയിൽ എന്ന് ഡൽഹി പോലീസ്. സിസിടിവി ദൃശ്യങ്ങളിലൂടെ അക്രമം അഴിച്ചുവിട്ടവരെ തിരിച്ചറിയാൻ ശ്രമിക്കുന്നുവെന്ന് പൊലീസ്.