വി.എസ്.അച്യുതാനന്ദന്റെ ചരമവാര്‍ഷിക ദിന ചടങ്ങുകള്‍ക്കിടെ സിപിഐഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ഡോക്ടര്‍ ടി എം തോമസ് ഐസക്കും ബിനീഷ് കോടിയേരിയും. വി.എസുണ്ടായിരുന്ന കാലത്തെ രാഷ്ട്രീയം ഓര്‍മ്മിപ്പിച്ചായിരുന്നു ഇരുവരും നിലവിലെ സാഹചര്യത്തെക്കുറിച്ച് പരാമര്‍ശിച്ചത്. വി.എസിനെ ചാരി ജി.സുധാകരനെതിരെയായിരുന്നു സജി ചെറിയാന്റെ ഒളിയമ്പ്.
വി.എസ് അച്യുതാനന്ദന്റെ രാഷ്ട്രീയവും ശൈലിയും ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക്ക് നിലവിലെ നേതൃത്വത്തെ പരോക്ഷമെങ്കിലും, രൂക്ഷമായി വിമര്‍ശിച്ചത്. ഒരുമാസം കൊണ്ട് ജനങ്ങളെ വെറുപ്പിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ സമരങ്ങള്‍ കൊണ്ട് കേരളം പൊട്ടിത്തെറിക്കേണ്ട സമയം കഴിഞ്ഞു. പ്രതിപക്ഷത്ത് ആയിരിക്കുമ്പോള്‍ എങ്ങനെ സമരം ചെയ്യണമെന്ന് വിഎസ് പഠിപ്പിച്ചെന്നും തോമസ് ഐസക്ക് പറയുമ്പോള്‍, ഉദ്ദേശിക്കുന്നത് എന്തെന്നത് വ്യക്തം. വി.എസിന്റെ വാമൊഴി വഴക്കം ചൂണ്ടിക്കാട്ടി നേതാക്കളുടെ സംസാര ശൈലിയെ വിമര്‍ശിച്ചത് എം.വി.ഗോവിന്ദന്റെ പ്രസംഗത്തിനു പിന്നാലെയാണ്.വിഎസിന്റെ കാലത്ത് സാമുദായിക സംഘടനകള്‍ തലപൊക്കിയിരുന്നില്ലെന്നും തോമസ് ഐസക്ക് പറഞ്ഞു. ഇവിടെ നിയമസഭയില്‍ മൂന്ന് സീറ്റ് ആദ്യമായി നേടിയ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയുണ്ട്. ബിജെപിക്ക് എതിരായി എങ്ങനെയാണ് നമ്മുടെ പോരാട്ടം കൊണ്ടുപോകുക. സാമുദായികമായി ഭിന്നിപ്പിച്ച് വര്‍ഗീയമായി ഏകോപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. വിഎസിന്റെ കാലത്തിത് നടന്നിട്ടില്ലല്ലോ. ഒരുമടിയുമില്ലാതെ സാമുദായിക നേതാക്കന്‍മാരുടെ വീടിന് മുന്നില്‍ മൈക്ക് കെട്ടി വെല്ലുവിളിച്ചിട്ടുണ്ടല്ലോ. ഇവിടെ ഭൂമികുലുക്കമൊന്നുമുണ്ടായില്ലല്ലോ. ഈ കാര്യങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട് – അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പാര്‍ട്ടിക്കകത്ത് നടക്കുന്ന കാര്യങ്ങളില്‍ പാര്‍ട്ടി കുടുംബങ്ങള്‍ക്കുള്ള ആശങ്കയാണ് ബിനീഷ് കൊടിയേരി പറഞ്ഞത്. വി എസ് അച്യുതാനന്ദന്‍ ഉണ്ടായിരുന്നെങ്കില്‍ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നെന്ന് സജി ചെറിയാന്‍ പറഞ്ഞത് ജി.സുധാകരനെ ലക്ഷ്യമിട്ട്. പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ ശ്രമിക്കുന്നവരുടെ മുഖത്ത് നോക്കി ധിക്കാരത്തോടെ സംസാരിക്കുമായിരുന്നെന്നും സജി ചെറിയാന്റെ ഒളിയമ്പ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ ശുദ്ധീകരണത്തിനുള്ള മുറവിളി ഉയരുന്നതിനിടെയാണ് ഒളിയമ്പുകളുടെ മേളം.








