നാംചി: സിക്കിം തുരങ്കനിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ ഏഴ് മരണം. തുരങ്കത്തില്‍ കുടുങ്ങിയ മറ്റ് തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയും, സംസ്ഥാന ദുരന്ത നിവാരണ സേനയും, ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മീഥെയ്ൻ ചോർച്ച രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണ സിക്കിമില്‍ നാംസി ജില്ലയിലെ സമര്‍ദുങ് തുരങ്കത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു അപകടം സംഭവിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ മീഥെയ്ന്‍ വാതകചോര്‍ച്ചയും അപകടത്തിന്റെ വ്യാപ്തി കൂട്ടി.സുരക്ഷാ ഉപകരണങ്ങളില്ലാതെ തുരങ്കത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസ് ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും രണ്ടുതവണ ശ്രമിച്ചു, പക്ഷേ അപകടകരമായ സാഹചര്യങ്ങള്‍ കാരണം തിരികെ പോകാന്‍ നിര്‍ബന്ധിതരായിരുന്നു.
തുരങ്കത്തിനുള്ളില്‍ മീഥേന്‍ അളവ് വളരെ ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് കുടുങ്ങിക്കിടക്കുന്ന തൊഴിലാളുടെ അടുത്തേക്ക് എത്താനും കഴിഞ്ഞിരുന്നില്ല.
മണ്ണിടിച്ചിലിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തുരങ്കത്തിനുള്ളില്‍ നിന്ന് സ്ഫോടനം പോലുള്ള ഒരു വലിയ ശബ്ദം കേട്ട് ഉടന്‍ തന്നെ അവര്‍ പുറത്തേക്ക് ഓടിയതായി രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. 19 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി തുരങ്കത്തിലേക്ക് പ്രവേശിച്ച പട്ടേല്‍ എഞ്ചിനീയറിംഗിലെ മൂന്ന് പേരില്‍ രണ്ടുപേരും ഉള്ളില്‍ കുടുങ്ങിയതായി വിവരമുണ്ട്. തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലത്തേക്ക് എന്‍ഡിആര്‍എഫ് സംഘം എത്തുന്നതുവരെ, കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം സ്ഥിരീകരിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ പറഞ്ഞു .കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ നിരവധി രക്ഷാപ്രവര്‍ത്തകര്‍ക്ക് തലകറക്കം അനുഭവപ്പെടുകയും ബോധം നഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഹൈവേ പദ്ധതിയുടെ ഭാഗമായാണ് തുരങ്ക നിർമ്മാണം നടക്കുന്നത്.








