Headlines

‘സോനം വാങ്ചുകിനെ കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ ഇന്റര്‍നെറ്റിലെ പോരാട്ടം മാത്രം പോരെന്ന് ഉറപ്പിച്ചു, സമാധാനം പോയി’; സിജെപി സമരവേദിയില്‍ രഞ്ജിനി ഹരിദാസ്

 

ഡല്‍ഹി ജന്തര്‍ മന്ദറിലെ സിജെപി പ്രതിഷേധ വേദിയിലെത്തി ഐക്യദാര്‍ഢ്യമറിയിച്ച് രഞ്ജിനി ഹരിദാസ്. ഡല്‍ഹിയിലെ കാര്യങ്ങള്‍ ഭീകരമാണെന്നും ഇത് ജനാധിപത്യ രാജ്യമാണോയെന്ന് സംശയിച്ച് പോകുമെന്നും രഞ്ജിനി.സോനം വാങ്ചുകിനെ ഷീറ്റില്‍ പൊതിഞ്ഞ് കൊണ്ടുപോകുന്ന മനുഷ്യത്വരഹിതമായ കാഴ്ച കണ്ട് മനസമാധാനം പോയപ്പോഴാണ് താന്‍ ഡല്‍ഹിയിലേക്ക് വരാന്‍ തീരുമാനിച്ചത്. ഇവിടെയാകെ മനുഷ്യത്വരഹിതമായ കാര്യങ്ങളാണ് നടക്കുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ആക്രമിക്കുകയാണ് സുരക്ഷാസേനയെന്നും രഞ്ജിനി പറഞ്ഞു.നമ്മുടെ രാജ്യത്തെ ജനാധിപത്യം എവിടെപ്പോയെന്ന് തോന്നുന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് രഞ്ജിനി പറഞ്ഞു. റോസാപ്പൂക്കളും ഭരണഘടനയുമായി പ്രതിഷേധിക്കുന്ന യുവാക്കളെ മര്‍ദിക്കുകയാണ്. ഒരു കുറ്റവും ചെയ്യാത്തവരെ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുപോയി തടവിലാക്കുകയാണ്. സോനം വാങ്ചുകിനോട് ചെയ്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ സമാധാനം പോയി. വീട്ടില്‍ ഇരിക്കാന്‍ വയ്യ എന്നായി. അതുവരെ ഒരു ഇന്റര്‍നെറ്റ് പോരാളിയായിരുന്ന താന്‍ നേരിട്ട് ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അറിയണമെന്ന് നിശ്ചയിച്ചു. ഈ കുട്ടികള്‍ നമ്മള്‍ വിചാരിച്ചതിനേക്കാള്‍ കരുത്തരാണ്. സോനം വാങ്ചുകിനെ ബലമായി കൊണ്ടുപോയത് രോഷം ആളിക്കത്തിക്കുകയാണ് ചെയ്തതെന്നും രഞ്ജിനി പറഞ്ഞു.ഡല്‍ഹിയിലേക്ക് ഒരു തരത്തിലും കടക്കാനാകാത്ത വിധത്തില്‍ ട്രെയിനുകള്‍ വഴി തിരിച്ചുവിടുകയാണെന്ന് രഞ്ജിനി പറഞ്ഞു. താന്‍ വിമാനത്തിലാണ് ഡല്‍ഹിയിലെത്തിയത്. സമരത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടായിട്ടും പണമില്ലാത്തതിനാല്‍ മാത്രം പങ്കെടുക്കാനാകാത്ത കുട്ടികളുണ്ട്. എല്ലായിടത്തും ബാരിക്കേഡുകളാണ്. അകത്തേക്കോ പുറത്തേക്കോ പോകാനാകുന്നില്ല. ബാരിക്കേഡുകള്‍ക്കുള്ളില്‍ പെട്ടുപോയവര്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. ഭീതിദമാണ് കാര്യങ്ങളെന്നും രഞ്ജിനി വിശദീകരിച്ചു.