Headlines

കോറോ ഹെൽത്തിലെ പിരിച്ചുവിടൽ; ജീവനക്കാര്‍ക്ക് 7 മാസത്തെ ശമ്പളം, ചർച്ചയിൽ ധാരണ

 

തിരുവനന്തപുരം∙ യുഎസ് കമ്പനിയായ കോറോ ഹെല്‍ത്തില്‍നിന്നു പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് അഞ്ചു മാസത്തെ ശമ്പളം കൂടി നല്‍കാമെന്ന് കമ്പനി സമ്മതിച്ചുവെന്ന് തൊഴില്‍മന്ത്രി ബിന്ദു കൃഷ്ണ. കമ്പനി പ്രതിനിധികളുമായി ഇന്നു സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച് ധാരണയായതെന്നും മന്ത്രി അറിയിച്ചു. നേരത്തേ രണ്ടു മാസത്തെ ശമ്പളം നല്‍കാമെന്നാണു കമ്പനി അറിയിച്ചിരുന്നത്. ഇതിനു പുറമേയാണ് 5 മാസത്തെ മൊത്ത ശമ്പളം ഈ മാസം 26ന് നല്‍കാമെന്ന് കമ്പനി അധികൃതര്‍ സമ്മതിച്ചിരിക്കുന്നത്.ജീവനക്കാരുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, റിലീവിങ് ലെറ്റര്‍ എന്നിവ ഉള്‍പ്പെടെ ഭാവിയില്‍ ജോലി ലഭിക്കാന്‍ സഹായകരമാകുന്ന എല്ലാ രേഖകളും നല്‍കാമെന്നും കമ്പനി സമ്മതിച്ചതായി മന്ത്രി പറഞ്ഞു. ഉമാ തോമസ് എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ലേബര്‍ കമ്മിഷണറും സ്‌പെഷല്‍ സെക്രട്ടറിയും അടക്കമുള്ള തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. പിരിച്ചുവിട്ട ജീവനക്കാര്‍ക്കു മറ്റു കമ്പനികളില്‍ ജോലി ലഭ്യമാകുന്നതിനുള്ള നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.