Headlines

എഴുതാന്‍ കൂടുതല്‍ സമയമെടുത്തു; ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

 

തിരുവനന്തപുരം ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക ചൂരല്‍ കൊണ്ട് അടിച്ചൊടിച്ചെന്ന് പരാതി. ആറ്റിങ്ങല്‍ കവലിയൂര്‍ ജിഎച്ച്എസ്എസി ലെ അധ്യാപിക റിനിയ്ക്ക് എതിരെയാണ് പരാതി. എഴുതാന്‍ സമയം കൂടുതല്‍ എടുത്തു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. കുട്ടിയുടെ ഒരു വിരലില്‍ പൊട്ടലും, മറ്റൊരു വിരലില്‍ ചതവുമുണ്ടെന്ന് കുടുംബം പറഞ്ഞു. (teacher broke a first-grade girl’s finger by beating in attingal)

 

 

വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ അന്നേ ദിവസം കുട്ടി വീട്ടുകാരോട് യാതൊന്നും പറഞ്ഞില്ല. പിന്നീട് വെള്ളിയാഴ്ച കൈയില്‍ നീരുവന്നത് കണ്ടപ്പോള്‍ ചോദിച്ചപ്പോഴാണ് കുട്ടി അധ്യാപിക അടിച്ച കാര്യം പറയുന്നത്. വീട്ടുകാര്‍ ശനിയാഴ്ച രാവിലെ തന്നെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി. ഡോക്ടര്‍ കുട്ടിയോട് തനിച്ച് സംസാരിക്കുകയും കുട്ടി എല്ലാ കാര്യങ്ങളും ഡോക്ടറോടും വിശദീകരിക്കുകയായിരുന്നു. കുട്ടിയ്ക്ക് നല്ല വേദനയുണ്ടെന്നും നിര്‍ത്താതെ കരയുകയായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു. സ്‌കൂളിലേക്കില്ലെന്നാണ് കുട്ടി പറയുന്നതെന്നും വീട്ടുകാര്‍ പറഞ്ഞു. കുട്ടിയുടെ കൈയില്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ് നിലവില്‍.കുട്ടിയെ ആദ്യം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. എന്നാല്‍ അവിടുത്തെ ഡോക്ടേഴ്‌സ് കുട്ടിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. കുടുംബം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നല്‍കിയ പരാതി അവര്‍ കവലിയൂര്‍ പൊലീസിന് കൈമാറുകയായിരുന്നു. മകള്‍ക്ക് നീതി നേടികൊടുക്കും വരെ നിയമപോരാട്ടം നടത്തുമെന്ന് കുടുംബം.