ദേവസ്വം മന്ത്രി കെ മുരളീധരതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. പ്രതിപക്ഷത്തുള്ളപ്പോൾ കോടതി അന്വേഷണങ്ങളെ സ്വാഗതം ചെയ്തവർ ഇപ്പോൾ നിലപാട് മാറ്റുകയാണെന്ന് പിണറായി വിജയൻ വ്യക്തമാക്കി.
ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കുന്നതും ഉചിതമായ രീതിയല്ല. ഈ സർക്കാർ അധികാരത്തിൽ വന്നത് മുതൽ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു.പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷ്യൽ ഗവ. പ്ലീഡർ പദവി പുതുതായി സൃഷ്ടിച്ച് യുഡിഎഫ് സർക്കാര്‍ നിയമിച്ചു .പിന്നീട് ഉണ്ടായ വ്യാപക പ്രതിഷേധങ്ങളെ തുടർന്നാണ് നടപടി റദ്ദ് ചെയ്യേണ്ടി വന്നതെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാകുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ…
ശബരിമലയുടെ ഭരണപരവും ആചാരപരവുമായ കാര്യങ്ങളിൽ കോടതി ഇടപെടലുകൾ മൂലം സർക്കാരിന് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ലെന്നും മറ്റുമുള്ള ദേവസ്വം മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. ബഹു. ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘമാണല്ലോ ഈ കേസ് അന്വേഷിക്കുന്നത്. ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതിഭാഗം അഭിഭാഷകനെ ദേവസ്വം ബോർഡ് സ്പെഷ്യൽ ഗവ. പ്ലീഡർ പദവി പുതുതായി സൃഷ്ടിച്ച് യുഡിഎഫ് സർക്കാര്‍ നിയമിക്കുകയുണ്ടായി. വ്യാപക പ്രതിഷേധങ്ങളെ തുടർന്നാണ് അത് റദ്ദുചെയ്യേണ്ടിവന്നത്. പ്രതിഭാഗം വക്കീലിന് പ്രോസിക്യൂഷന് ഏല്‍പ്പിച്ചാല്‍ കേസ് നല്ലരീതിയില്‍ നടത്താനാകും എന്ന വിചിത്ര ന്യായമാണ് അന്ന് മന്ത്രി പറഞ്ഞത്.
പ്രതിപക്ഷത്തുള്ളപ്പോൾ ദേവസ്വം വിഷയങ്ങളിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണങ്ങൾ സ്വാഗതം ചെയ്തവര്‍ അധികാരത്തിലെത്തിയപ്പോൾ കോടതിയുടെ ഇടപെടല്‍ സംബന്ധിച്ച നിലപാട് തന്നെ മാറ്റുകയാണ്. കോടതിയുടെ മേൽനോട്ടത്തെ തങ്ങളുടെ സൗകര്യപൂര്‍വ്വം സ്വാഗതം ചെയ്യുകയും സ്വീകരിക്കുകയും അല്ലാത്തപ്പോൾ തടസ്സങ്ങളായി ചിത്രീകരിക്കുകയും ചെയ്യുന്നതിന് പിന്നിലെ ഗൂഢലക്ഷ്യം വ്യക്തമാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും നിയമവ്യവസ്ഥയെയും വെല്ലുവിളിക്കുന്ന രീതിയിൽ മന്ത്രിമാർ സംസാരിക്കുന്നതും ഉചിതമായ രീതിയല്ല. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റാൻ ബാധ്യതപ്പെട്ട ഒരു മന്ത്രിയിൽ നിന്നും കോടതിക്കെതിരായി ഉണ്ടായ ഈ പരാമർശം ഗൗരവമായി കാണണം. സ്വര്‍ണ്ണക്കൊള്ള കേസിനെ ദുര്‍ബ്ബലപ്പെടുത്താനുള്ള ഏത് ശ്രമവും എതിര്‍ക്കപ്പെടും. ജനങ്ങള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.








