ഇ20 പെട്രോളില്‍ നിന്ന് പിന്നോട്ടില്ല എന്ന സൂചന നല്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം. ഇ 20 കലര്‍ത്തിയ പെട്രോള്‍ ശുദ്ധമായതിനേക്കാള് മികച്ചതാണെന്ന് കേന്ദ്രത്തിന്റെ അവകാശവാദം. രാജ്യത്ത് ശുദ്ധമായ പെട്രോളും കുറഞ്ഞ എത്തനോളിന്റെ അളവിലുള്ള മിശ്രിതവും നല്കാന് സാധിക്കില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. (Petroleum Ministry on E20 petrol)
എത്തനോള്‍ കലര്‍ത്താത്ത പെട്രോള്‍ രാജ്യത്ത് നല്കാന് ആകില്ല എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നു. മറ്റു രാജ്യങ്ങളിലെ പോലെ ഉപഭോക്താക്കള്‍ക്ക് ഒന്നില്‍ കൂടുതല്‍ ഓപ്ഷനുകള്‍ ഇന്ത്യയില്‍ സാധ്യമല്ലെന്ന് കേന്ദ്രം അറിയിച്ചു. എത്തനോള്‍ കലര്‍ത്താത്ത ശുദ്ധമായ പെട്രോളും കുറഞ്ഞ അളവില്‍ എത്തനോല്‍ കലര്‍ത്തിയ ഇ 10 പെട്രോളുകള്‍ കൂടി അനുവദിക്കുന്നത് ചിലവ് വര്‍ദ്ധിക്കുന്നതിന് കാരണമാകും എന്നാണ് സര്‍ക്കാരിന്റെ വാദം. 3 ഓപ്ഷനുകള്‍ ഇന്ത്യയിലെ ഔട്ട്ലെറ്റുകളില് എത്തിക്കുന്നതില്‍ വലിയ സാങ്കേതിക, ലോജിസ്റ്റിക്കല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ പറയുന്നു.ഇ ട്വന്റി പെട്രോളുകള്‍ ഉപയോഗിക്കുന്ന പഴയ വാഹനങ്ങള്‍ക്ക് മൈലേജില്‍ മൂന്നു മുതല്‍ അഞ്ചു ശതമാനം വരെ കുറവുണ്ടായേക്കാം. എന്നാല്‍ എത്തനോല്‍ കലര്‍ത്തിയ പെട്രോളിന് ലഭിക്കുന്ന ഉയര്‍ന്ന ഒക്ടേന്‍ റേറ്റിംഗ്, മികച്ച പിക്കപ്പ്, സുഗമമായ ആക്സിലറേഷന്, മികച്ച എഞ്ചിന് പ്രവര്‍ത്തനം തുടങ്ങിയ ഗുണങ്ങള്‍ മൈലേജ് പ്രശ്നങ്ങളെ മറികടക്കുമെന്നും കേന്ദ്രം അവകാശവാദം ഉയര്‍ത്തുന്നു.








