Headlines

എന്തുകൊണ്ട് ആ 15 നിർദേശങ്ങൾ പാലിച്ചില്ല? ദിലീപ് ബിൽഡ് കോണിനെ കരിമ്പട്ടികയിൽ പെടുത്തുമോ? അന്വേഷണം നിർണായകം

 

കൽപറ്റ ∙ കള്ളാടിയിൽ തുരങ്ക നിർമാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ, അവിടെ ജോലിയെടുത്ത ഉദ്യോഗസ്ഥരുടെയും തൊഴിലാളികളുടെയും ജീവൻ നഷ്ടമായതിനു പിന്നാലെ കരാർ കമ്പനിക്കെതിരെ കുന്നുകൂടുന്നത് നിരവധി ആക്ഷേപങ്ങൾ. മണ്ണിടിച്ചിലിനെ തുടർന്ന് കോഴിക്കോട്ടും വയനാട്ടിലുമുളള ഇരട്ട തുരങ്കമുഖങ്ങളിലെ നിർമാണം സംസ്ഥാന സർക്കാർ നിർദേശപ്രകാരം താൽക്കാലികമായി നിർത്തിവച്ചു. ദുരന്തത്തെപ്പറ്റി ഇരട്ട അന്വേഷണവും പ്രഖ്യാപിച്ചു. അതേസമയം നിർമാണത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ലെന്ന നിലപാടിലാണ് കരാർ കമ്പനി.

 

∙ നിർണായകം പിഡബ്ല്യുഡി റിപ്പോർട്ട്

 

മഴക്കാലത്തെ നിർമാണപ്രവർത്തനം സംബന്ധിച്ച്, തുരങ്കപാത നിർമാണത്തിലെ നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ കോർപറേഷന് പൊതുമരാമത്ത് മുന്നറിയിപ്പു നൽകി 13 ദിവസം പിന്നിടും മുൻപാണ് ദുരന്തം ഉണ്ടായത്. സോയിൽ പൈപ്പിങ്, സ്ലോപ് സ്റ്റെബിലിറ്റി എന്നിവയിലൂടെ അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അത് ഒഴിവാക്കാൻ പൊതുമരാമത്ത് വകുപ്പ് 15 നിർദേശങ്ങളാണ് നൽകിയത്. പദ്ധതിയുടെ നടത്തിപ്പ് കൊങ്കൺ റെയിൽവേയ്ക്കാണെങ്കിലും മേൽനോട്ടം പൊതുമരാമത്ത് വകുപ്പിന്റെ കോഴിക്കോട് ഡിവിഷനാണെന്നും നിർമാണ പുരോഗതി വിലയിരുത്തേണ്ടത് കൽപറ്റ റോഡ്സ് സബ് ഡിവിഷനാണെന്നും നിശ്ചയിച്ചിട്ടുളളതിനാൽ ഈ നിർദേശങ്ങൾ പാലിച്ചില്ലെന്നു കണ്ടെത്തിയാൽ അത് കരാർ കമ്പനിക്ക് വലിയ തിരിച്ചടിയാകും. പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറി അദീല അബ്ദുല്ലയുടെ നേതൃത്വത്തിൽ ജൂൺ 25 ന് സ്ഥലം സന്ദർശിച്ച പൊതുമരാമത്ത് സംഘവും വയനാട് എഡിഎം നടത്തിയ യോഗത്തിന്റെ മിനിറ്റ്സിലും മേൽനോട്ടം പൊതുമരാമത്ത് വകുപ്പിനാണെന്നത് ആവർത്തിച്ചിരുന്നു.തുരങ്കനിർമാണ മേഖലയിൽ നിശ്ചിത പരിധിയിലേറെ മഴ ഉണ്ടായാൽ നിർമാണം നിർത്തിവയ്ക്കണമെന്ന നിർദേശം പാലിക്കപ്പെട്ടില്ലെന്നാണ് നിർമാണ കമ്പനിയായ, ഭോപ്പാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡിന് എതിരായ പ്രധാന ആക്ഷേപം. സർക്കാർ നടത്താനിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി പൊതുമരാമത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല എൻജിനീയറിങ് വിഭാഗമാണ് സാങ്കേതിക കാര്യങ്ങൾ പരിശോധിക്കുകയെന്നാണ് വിവരം. അങ്ങനെ വരുമ്പോൾ പൊതുമരാമത്ത് വകുപ്പ് തന്നെ മുൻപ് നൽകിയ നിർദേശം ലംഘിച്ചതായി തെളിഞ്ഞാൽ കരാർ കമ്പനിക്കെതിരെ കടുത്ത വിമർശനം ഉണ്ടാകാനാണ് സാധ്യത.∙ വിനയായത് പരിസ്ഥിതി നോക്കാത്ത നിർമാണം?

 

രാജ്യത്തു പലയിടങ്ങളിലും നിർമാണ പ്രവർത്തനങ്ങൾ നടത്തി പരിചയമുള്ള കമ്പനിയാണെങ്കിലും വയനാട്ടിലെ അതീവലോലമായ മേഖലയിൽ നടത്തുന്ന തുരങ്കനിർമാണം കരാർ കമ്പനി ഗൗരവത്തോടെ എടുത്തില്ലെന്ന ആക്ഷേപമാണ് പരിസ്ഥിതി വിദഗ്ധരിൽ നിന്നും പ്രധാനമായും ഉയരുന്നത്. മണ്ണിലേക്ക് അതിവേഗം വെള്ളം കിനിഞ്ഞിറങ്ങാൻ സാധ്യതയുള്ള മേഖലയിൽ പ്രകൃതിദത്തമായി ഉണ്ടായിരുന്ന വെള്ളച്ചാലുകൾ തടസ്സപ്പെടുത്തിയത് മലയോര മണ്ണിലേക്ക് കൂടുതൽ ജലം ഇറങ്ങി മണ്ണിടിച്ചിലിന് ആക്കം കൂട്ടിയെന്ന സൂചനയാണ് ഇവർ നൽകുന്നത്. ദുരന്തമുണ്ടായ ദിവസം കനത്ത മഴയ്ക്കിടയിലും ഓവുചാലുകൾ നിർമിക്കാൻ തൊഴിലാളികളെ രംഗത്തിറക്കിയതും സ്ഥിതി ഗുരുതരമാക്കിയെന്നാണ് ആരോപണം. തുരങ്കമുഖത്ത് കമ്പനി നിർമിച്ച കോൺക്രീറ്റ് ആവരണത്തെക്കുറിച്ചാണ് മറ്റൊരു ആക്ഷേപം.തുരങ്കത്തിന്റെ പ്രവേശന കവാടത്തിലെ മണ്ണിടിച്ചിൽ തടയാൻ കമ്പനി ഉപയോഗിച്ച സോയിൽ നെയിലിങ് സാങ്കേതികവിദ്യയിൽ പിഴവുണ്ടായെന്നാണ് വിലയിരുത്തൽ. മൺതിട്ട ഉറപ്പിച്ചു നിർത്താൻ അടിച്ചുകയറ്റിയ ഇരുമ്പു കമ്പികൾ പാറകളിൽ ഉറപ്പിക്കുന്നതിന് പകരം 5 മുതൽ 6 വരെ മീറ്റർ മാത്രം താഴ്ചയിൽ മണ്ണിൽ തന്നെയാണ് ഉറപ്പിച്ചതെന്നാണ് സൂചന. ഒരു മീറ്റർ ഇടവിട്ട് ഇത്തരത്തിൽ കമ്പികൾ കയറ്റുമ്പോൾ ഉണ്ടാകുന്ന പ്രകമ്പനത്തിൽ സമീപത്തെ മണ്ണിടിയാനുള്ള സാധ്യത വർധിക്കുമെന്നാണ് വിലയിരുത്തൽ.

 

വയനാട് തുരങ്കപാത നിർമാണത്തിന്റെ ഭാഗമായി നീക്കം ചെയ്ത മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് ദുരന്തകാരണമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ജൂൺ 20 ന് പദ്ധതി പ്രദേശത്ത് ചെറിയ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി നിർമ്മാണ പ്രവർത്തനങ്ങൾ നിർത്താൻ വയനാട് ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ നിർദേശം നൽകിയിരുന്നു. കൂട്ടിയിട്ട മണ്ണ് പൂർണ്ണമായും മാറ്റിയ ശേഷമേ പണി തുടരാവൂ എന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആവശ്യപ്പെട്ടിരുന്നു.പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പ്രകാരം തുരങ്കത്തിൽനിന്നു പുറത്തെടുക്കുന്ന മണ്ണ് 4 മുതൽ 6 വരെ മീറ്റർ ഉയരമുള്ള കോൺക്രീറ്റ് മതിലുകൾ കെട്ടിത്തിരിച്ച് തട്ടുകളായി വേണമായിരുന്നു സൂക്ഷിക്കാൻ. എന്നാൽ, നിർമാണ സ്ഥലത്ത് കേവലം 1 മീറ്റർ മാത്രം ഉയരമുള്ള മതിലാണ് കമ്പനി നിർമിച്ചിരുന്നത് എന്നാണ് ആക്ഷേപം. ടാർപോളിൻ ഇട്ട് മൂടി വലിയ കുന്നുകളായി അശാസ്ത്രീയമായി മണ്ണ് സൂക്ഷിച്ചതാണ് ഈ വൻ ദുരന്തത്തിനു കാരണമായതെന്നും വിലയിരുത്തലുണ്ട്.

 

അതേസമയം, സാങ്കേതിക വീഴ്ചകൾ പൂർണമായും നിഷേധിച്ച കമ്പനി, ദുരന്തത്തിനു കാരണം പ്രകൃതിക്ഷോഭമാണെന്നാണ് ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നത്. അതിശക്തമായ കാലവർഷക്കെടുതിയാണ് ദുരന്തത്തിന് വഴിവെച്ചതെന്നും ഇതിൽ കമ്പനിക്ക് സാങ്കേതിക പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു. കമ്പനി നൽകിയ വിശദീകരണമനുസരിച്ച്, മണ്ണിടിച്ചിൽ ഉണ്ടായത് കമ്പനിയുടെ നിർമാണ പരിധിയിലല്ല, മറിച്ച് പദ്ധതിപ്രദേശത്തിന് 12 മീറ്റർ അപ്പുറമുള്ള വനംവകുപ്പിന്റെ ഭൂമിയിലാണ്. അനുവദനീയമായ അതിർത്തി വരെയുള്ള ഭാഗങ്ങൾ കൃത്യമായ എൻജിനീയറിങ് മാനദണ്ഡങ്ങൾ പാലിച്ച് ഷോർട്ക്രീറ്റിങ് നടത്തി സംരക്ഷിച്ചിരുന്നുവെന്നും വനമേഖലയിലുണ്ടായ ഉരുൾപൊട്ടലാണ് താഴേക്കു പതിച്ചതെന്നുമാണ് കമ്പനിയുടെ വാദം. ഇതിൽ വാസ്തവമെന്തെന്ന് അറിയാൻ സർക്കാർ പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തിന്റെ ഫലം വരെ കാത്തിരിക്കണം.

 

∙ അനിശ്ചിതത്വത്തിൽ തുരങ്കപാത

 

അന്വേഷണ റിപ്പോർട്ടുകൾ വന്ന ശേഷമാകും നിർമാണം പുനരാരംഭിക്കുകയെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതിനാൽ തുരങ്കപാതയുടെ ഭാവിയും അനിശ്ചിതത്വത്തിലാണ്. നിർമാണ വ്യവസ്ഥ പാലിക്കാത്ത കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകളും രംഗത്തുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ 50 ഇന മാർഗ നിർദേശങ്ങൾ കൊങ്കൺ റെയിൽവേയിൽ നിന്ന് നിർമാണ കരാർ ഏറ്റെടുത്ത കമ്പനി പാലിച്ചിരുന്നോ എന്നതാണ് ദുരന്തവുമായി ബന്ധപ്പെട്ട് സാങ്കേതികവും നിയമപരവുമായി നടത്തുമെന്നു പ്രഖ്യാപിച്ച ഇരട്ട അന്വേഷണത്തിൽ സർക്കാർ വിലയിരുത്തുക. എന്നാൽ അന്വേഷണ ഏജൻസി, സമയപരിധി തുടങ്ങിയവയിൽ സർക്കാർ ഇനിയും വ്യക്തത വരുത്താത്തതിനാൽ തുരങ്കപാതയുടെ തുടർനിർമാണത്തിലും കാലതാമസം ഉണ്ടാകുമെന്നാണ് സൂചന.