വാഷിങ്ടൻ ∙ ഇറാനിൽ അമേരിക്ക പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതിനു പിന്നാലെ, ഗൾഫ് മേഖലയിലെ യുഎസിന്റെ സൈനിക നീക്കങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി സംസാരിച്ചു. വ്യാഴാഴ്ച ഇരുനേതാക്കളും തമ്മിൽ ഫോണിൽ സംസാരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിൽ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തര സമ്പർക്കത്തിന്റെ ഭാഗമായാണ് ചർച്ചയെന്ന് വ്യക്തമാക്കിയ യുഎസ് ഉദ്യോഗസ്ഥരും ഫോൺ കോൾ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ചർച്ചയ്ക്കിടെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗനും അദ്ദേഹത്തിന്റെ സർക്കാരും ഇസ്രയേലിന്റെ നിലനിൽപ്പിനെതിരെ നടത്തുന്ന പ്രസ്താവനകളിൽ നെതന്യാഹു കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇസ്രയേലിന്റെ അതിർത്തികളിൽ സുരക്ഷാ മേഖലകൾ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ട്രംപിനു മുന്നിൽ ഉന്നയിച്ചു. നാറ്റോ സഖ്യകക്ഷിയായ തുർക്കിക്ക് എഫ്-35 അത്യാധുനിക യുദ്ധവിമാനങ്ങൾ വിൽക്കരുതെന്ന് തിങ്കളാഴ്ച നെതന്യാഹു അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.അതേസമയം, ഇറാനിൽ നിന്നുള്ള മിസൈലുകൾ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചതോടെ ജോർദാനിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് കടന്ന മിസൈലുകളെ പ്രതിരോധിച്ചതായി ജോർദാൻ സർക്കാർ വക്താവ് മുഹമ്മദ് അൽ മൊമാനി സ്ഥിരീകരിച്ചു. ജോർദാൻ സായുധ സേന അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.








