Headlines

വീണ്ടും തിരിച്ചടി: ഇറാനെ ആക്രമിച്ച് യുഎസ്; ‘ധാരണാപത്രം ലംഘിച്ചു’

 

വാഷിങ്ടൻ∙ ഒമാൻ തീരത്ത് മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതിനെത്തുടർന്ന് ഇറാനിൽ യുഎസ് ശക്തമായ ആക്രമണം നടത്തി. കപ്പലുകളെ ആക്രമിച്ചതിനു പിന്നിൽ ഇറാനാണെന്ന് യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യാന്തര ജലപാതയിൽ നിരപരാധികളായ ആളുകളെ ലക്ഷ്യമിട്ടതിന് തിരിച്ചടിയാണ് ഈ ആക്രമണമെന്നും അവർ പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ഏത് നടപടിയും സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം യുഎസ് ലംഘിച്ചതായും ഇറാൻ കുറ്റപ്പെടുത്തി. പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള താൽക്കാലിക കരാറിന്റെ ഭാഗമായി 60 ദിവസത്തേക്ക് ഇറാന്റെ എണ്ണ വിൽക്കാൻ യുഎസ് അനുമതി നൽകിയിരുന്നു. ഈ അനുമതി യുഎസ് റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. ലൈസൻസ് റദ്ദാക്കാനുള്ള യുഎസിന്റെ നീക്കത്തെ ഇറാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.

∙ 24 മണിക്കൂറിനിടെ 3 കപ്പലുകൾക്കുനേരെ ആക്രമണം

 

ഹോർമുസ് കടലിടുക്കിൽ 24 മണിക്കൂറിനിടെ 3 കപ്പലുകൾക്കുനേരെ മിസൈൽ ആക്രമണം. ഖത്തറിന്റെ എൽഎൻജി ടാങ്കറായ അൽ റകിയാത്തിന്റെ എൻജിൻ റൂമിൽ തീപടർന്നു. വാതക ടാങ്കർ പൊട്ടിത്തെറിച്ചേക്കുമെന്ന ആശങ്ക മൂലം നാവികരെ അടിയന്തരമായി ഒഴിപ്പിച്ചു. സൗദിയുടെ ക്രൂഡുമായി പോയ കപ്പലും മിസൈൽ ആക്രമണത്തിൽ തകർന്നു. ഒമാൻ തീരത്താണു സൗദിയുടെ വെദ്യാൻ കപ്പൽ ആക്രമിക്കപ്പെട്ടത്. സൗദി ഷിപ്പിങ് കമ്പനിയായ ബഹ്റിയുടെ ഉടമസ്ഥതയിലുള്ളതാണു വെദ്യാൻ. നാവികർ സുരക്ഷിതരാണെന്നാണു വിവരം. ഒമാൻ തീരത്തു ആക്രമിക്കപ്പെട്ട മൂന്നാമത്തെ കപ്പലിനു തീപിടിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ അറിയിച്ചു.

 

മുന്നറിയിപ്പു ലംഘിച്ചതുകൊണ്ടാണു ഖത്തറിന്റെ ടാങ്കർ ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ ടിവി റിപ്പോർട്ട് ചെയ്തു. ടാങ്കർ ആക്രമിച്ചതു രാജ്യാന്തര നിയമലംഘനമാണെന്നും ഇറാനാണ് ഉത്തരവാദിയെന്നും ഖത്തർ ആരോപിച്ചു. സംഭവത്തിൽ ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധം തുടങ്ങിയശേഷം ആദ്യമാണ് ഖത്തറിന്റെ പ്രകൃതിവാതക ടാങ്കർ‌ ഹോർമുസിൽ ആക്രമിക്കപ്പെടുന്നത്. ഖത്തർ ഗ്യാസ് ട്രാൻസ്പോർട് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അൽ റകിയാത്ത്. ലോകത്തിലെതന്നെ ഏറ്റവും വലിയ എൽഎൻജി കപ്പലുകളിൽ ഒന്നാണിത്.അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണികൾ നിർത്താതെ അന്തിമ കരാറിലെത്താനുള്ള ചർച്ചകൾ ആരംഭിക്കാനാവില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. കരാറാകുന്നില്ലെങ്കിൽ ഇറാനിൽ വീണ്ടും ബോംബിടുമെന്നു ട്രംപ് ആവർത്തിച്ചു ഭീഷണി ഉയർത്തിയ സാഹചര്യത്തിലാണിത്.