തൃശൂർ അമല ,ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസിന് പിരിച്ചുവിടൽ ഭീഷണിയുമായി മാനേജ്മെന്റ്. സമരത്തെ തുടർന്ന് ഒഴിവുകൾ മിക്കതും നികത്തിക്കഴിഞ്ഞുവെന്നും സമരക്കാർ ഇനി തിരിച്ച് വന്നാലും കാര്യങ്ങൾ ആലോചിക്കേണ്ടി വരുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് വേതന വർദ്ധനവ് നടപ്പാക്കിയതാണെന്നും അത് ഇപ്പോൾ നടപ്പാക്കിയെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രചാരണം നടത്തുന്നതെന്നും മാനേജ്മെന്റ് പ്രതിനിധികൾ ആരോപിച്ചു.
ലേബർ ഓഫീസർ പല തവണ ചർച്ച നടത്തി പരിഹാരത്തിന് ശ്രമിച്ചു. ഇനി ഒഴിവ് നോക്കി മാത്രമേ സമരക്കാരെ തിരികെ കയറ്റൂവെന്നാണ് ജൂബിലി മാനേജ്മെന്റ് പറയുന്നത്. അമലയിൽ സമരം ചെയ്ത160 നേഴ്സുമാർ ജോലിക്ക് കയറി എന്ന് മാനേജ്മെന്റ് വ്യക്തമാക്കി. അമലയിൽ 4000 രൂപ മുതൽ 6000 രൂപ വരെ വേതനം വർധിപ്പിച്ചിരുന്നു. അതേസമയം ജൂബിലി മിഷൻ ആശുപത്രിയിലെ നഴ്സുമാർ സമരം ശക്തമാക്കുമെന്ന് നഴ്സുമാർ വ്യക്തമാക്കിയിരുന്നു.









