കണ്ണീരോടെ സുൽത്താന്റെ പടിയിറക്കം; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് നെയ്മർ വിരമിച്ചു

 

ഞാൻ ശ്രമിച്ചു…

തീവ്രമായി ശ്രമിച്ചു…

ആദ്യമായി മഞ്ഞക്കുപ്പായത്തിൽ പന്ത് തട്ടിയത് ഈ മൈതാനത്താണ്…

ഇവിടെ വച്ച തന്നെ എല്ലാം അവസാനിപ്പിക്കുന്നു…

 

 

അവൻ തോറ്റ് മടങ്ങിയത് നോർവേയോടല്ല. എത്ര ക്രൂശിച്ചിട്ടും മതിയാകാത്ത് ഫുട്ബോൾ ദൈവങ്ങളോട്. ലോകഫുട്ബോളിന്റെ മിശഹയായി ഒരുവനും രാജാവായി മറ്റൊരുവനും വാണിരുന്ന കാലം. അന്ന് അവരോടൊപ്പം സുൽത്താനായി അവനെയും ഫുട്ബോൾ ലോകം പ്രതിഷ്ഠിച്ചതാണ്. വെറുതെയല്ല, കളത്തിലെ ഒരുവശത്ത് നിന്ന് ഒഴുകിയൊഴുകി ഗോൾമുഖത്തേക്ക് പടർന്നുകയറുന്നവൻ. ഗോളടിക്കുന്നതിനപ്പുറം പന്തുമായി കുശലം പറഞ്ഞ് നൃത്തം ചെയ്ത് ആനന്ദിപ്പിക്കുന്നവൻ. സമ്പത്തോളം കാലിൽ ആവാഹിച്ച ഈ തലമുറയിലെ മാന്ത്രികൻ കാലം കണ്ണടച്ച് ക്രൂരത കാട്ടിയപ്പോൾ പരുക്കുകളുടെ കൂരമ്പേറ്റ് സർവ്വതും നഷ്ടപ്പെട്ട് അവൻ പടിയിറങ്ങുകയാണ്.

 

ഫുട്ബോളിന്റെ താളുകളിൽ ഇത്രയധികം തവണ പരുക്ക് വഴിമുടക്കിയ താരം ഉണ്ടാകാനിടയില്ല. ഒന്ന് കൂട്ടി നോക്കിയാൽ നെയ്മറിന്റെ കരിയറിന്റെ പ്രധാന സമയത്തെ നാല് കൊല്ലമാണ് പരുക്ക് കവർന്നെടുത്തത്. ആകെ കളിച്ചത് നൂറ്റുമുപ്പത് മത്സരങ്ങൾ, ഗോൾ നേട്ടം എൺപത്. സാക്ഷാൽ പെലെയേയും പിന്നിലാക്കി കുതിച്ചവന് ബ്രേക്കിടേണ്ടിവന്നത് പരുക്കിന് മുന്നിൽ മാത്രം. ലോകപ്പിന് മുൻപത് ദേശീയ ടീമിൽ നിന്ന് പുറത്തിരിക്കേണ്ടി വന്നത് 981 ദിവസം. അതിന്റെ വേദനയും നിരാശയുമൊക്കെ അലിഞ്ഞില്ലാതായത് ആ മഞ്ഞക്കുപ്പായം വീണ്ടും മാറോട് ഒട്ടിയപ്പോഴായിരുന്നു. ഇത്തവണ പിഴക്കില്ലെന്ന് പ്രതീക്ഷിച്ചു. ഇനിയും പരീക്ഷണങ്ങൾ ബാക്കിയുണ്ടെന്ന് അവൻ കരുതിയില്ല. അവസാന നിമിശം കിട്ടിയ പെനാൽറ്റിയെടുക്കുന്ന നേരം കണ്ടതാണ്. നേരത്തെ ഒന്ന് തട്ടിയകറ്റിയ നൈലാൻഡിന് ഒന്നെത്തിനോക്കാൻ പോലുമുള്ള അവസരം നെയ്മർ നൽകില്ല. ആദ്യ പെനാൽറ്റി കിട്ടുമ്പോൾ അവനുണ്ടായിരുന്നുവെങ്കിൽ തങ്ങൾക്ക് ലീഡെടുത്തേനെയെന്ന് ബ്രസീൽ ആരാധകർ കട്ടായം പറയുന്നു. സത്യമാണ്. അയാളുടെ നെഞ്ചുറപ്പ് പലകുറി നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ടല്ലോ.

 

ബ്രസീലിയൻ കുപ്പായത്തിൽ കൈവശമുള്ളത് കോൺഫെഡറേഷൻ കപ്പും ഒളിമ്പിക് മെഡലുമണ്. ഗോളെണ്ണവും കിരീടത്തിന്റെ വലിപ്പവും മാത്രം തൂക്കി നോക്കി വിലയിട്ട് ആരാധിക്കുന്ന രീതി ഫുട്ബോളിളില്ല. അങ്ങനെ തുടരുന്നിടത്തോളം നെയ്മർ ഇതിഹാസങ്ങളുടെ പട്ടികയിലുണ്ടാകും. പ്രിയപ്പെട്ട നെയ്മർ നോർവേ തന്ന ഷോക്കിനിടെ ഞങ്ങളറിഞ്ഞിരുന്നില്ല, നിങ്ങൾ പെയ്തൊഴിയുകയാണെന്ന്.