Headlines

‘വർഗ വഞ്ചനയാണ് ചെയ്തത്; ഓരോരുത്തർ ചാനലിലിരുന്ന് സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല’

 

തിരുവനന്തപുരം ∙ തെറ്റുതിരുത്തിയാൽ പാർട്ടി വിട്ടവരെ തിരിച്ചെടുക്കുമെന്ന എം.വി.ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. വർഗവഞ്ചനയാണ് അവർ ചെയ്തതെന്നും പാർട്ടിയെ ചതിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. തെറ്റ് തിരുത്തിയാൽ തിരിച്ചെടുക്കുമെന്നത് പൊതുരീതിയാണെന്നും ഓരോരുത്തർ ഓരോ ചാനലിലിരുന്ന് സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ‘‘നേരത്തെ തന്നെ ഇതെല്ലാം ഞങ്ങൾ സ്വയം വിമർശനമായി കണ്ടതാണ്. ഓരോരുത്തർ അവിടെയും ഇവിടെയും ഇരുന്ന് ഓരോ ചാനലിലായി സംസാരിക്കുന്നതിന് മറുപടി പറയേണ്ടതില്ല. തെറ്റു തിരുത്തിയാൽ ഈ ഭൂമുഖത്ത് ആരെയും തിരിച്ചെടുക്കുമല്ലോ. അതിലെന്താ സംശയം.അവർ പാർട്ടിയെ വഞ്ചിച്ചു. വർഗവഞ്ചനയാണ്, ചതിയാണ് ചെയ്തത്. അത് കൃത്യമായിട്ട് പാർട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അത് സുധാകരനായാലും ടി.കെ.ഗോവിന്ദൻ ആയാലും വി. കുഞ്ഞിക്കൃഷ്ണനായാലും. എല്ലാവരും പാർട്ടിയെ വഞ്ചിച്ച് ചതിച്ച് പോകുന്ന നിലപാടാണ് സ്വീകരിച്ചത്. അത് അതിശക്തമായി വിമർശിച്ചിട്ടുണ്ട്. അത് ഇനിയും തുടരും. എന്നാൽ ഒരു പൊതു നിയമം എല്ലാവർക്കും ബാധകമാണല്ലോ, തെറ്റുതിരുത്തിയാൽ എല്ലാവർക്കും തിരിച്ചെത്താം’’– എം.വി.ഗോവിന്ദൻ പറഞ്ഞു. തെറ്റുതിരുത്തിയാൽ ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും പാർട്ടിയിലേക്ക് തിരികെ വരുന്നതിൽ തടസ്സമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ പറഞ്ഞത്. പാർട്ടിയെ വെല്ലുവിളിച്ച് പുറത്തുപോയ എം.വി.രാഘവനേയും കെ.ആർ.ഗൗരിയമ്മയേയും പാർട്ടി അവസാനകാലം സ്വീകരിച്ചിട്ടുണ്ടെന്നും നയപരമായ തെറ്റുപറ്റിയെന്ന് കരുതി ഒറ്റപ്പെടുത്തില്ലെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജയരാജൻ പറഞ്ഞിരുന്നു.