അയോധ്യയിലെ സംഭാവനക്കൊള്ളയിൽ കടുപ്പിച്ച് യോഗി; കുടുങ്ങുക മോദിയുടെ അടുപ്പക്കാർ

 

ന്യൂഡൽഹി ∙ അയോധ്യയിലെ ക്ഷേത്ര സംഭാവനക്കൊള്ളയിൽ ഉൾപ്പെട്ടവരെ പരസ്യമായി തള്ളി ആർഎസ്എസ് രംഗത്തെത്തിയതോടെ ഉത്തർപ്രദേശ് സർക്കാർ നടപടികൾ കടുപ്പിക്കുമെന്ന് ഉറപ്പായി. ആരോപണമുയർന്ന് ദിവസങ്ങൾക്കകം പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തുടക്കം മുതൽ ശക്തമായ നിലപാടാണു സ്വീകരിച്ചത്. ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ നടപടികളോടുള്ള യോഗിയുടെ വിയോജിപ്പ് ഈ നീക്കങ്ങളിൽ വ്യക്തമായിരുന്നു. പ്രധാനമന്ത്രിയുമായി ഏറെ അടുപ്പമുള്ളവരാണു ട്രസ്റ്റിലുള്ളത്. വിശ്വഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റായ ചമ്പത് റായ് ആയിരുന്നു ജനറൽ സെക്രട്ടറി. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കുമ്പോൾ മുഖ്യയജമാനന്റെ ചുമതലയിലുണ്ടായിരുന്നത് ട്രസ്റ്റ് അംഗം അനിൽ മിശ്രയായിരുന്നു. ആരോപണ നിഴലിലായ ഇരുവരും ട്രസ്റ്റിൽ നിന്നു രാജിവച്ചു. അറസ്റ്റിലായിട്ടില്ലെങ്കിലും ഏതു നിമിഷവും അതുണ്ടാകാം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള ശീതയുദ്ധത്തിന്റെ തുടർച്ചയാണ് നിലവിലെ സംഭവങ്ങളെന്നു കരുതുന്നവർ ഏറെയാണ്. ക്ഷേത്രകാര്യങ്ങളിലും ഉത്തർപ്രദേശിലെ രാഷ്ട്രീയ കാര്യങ്ങളിലും ആദിത്യനാഥിന്റെ അഭിപ്രായങ്ങൾ മാനിക്കാതെയായിരുന്നു പ്രധാനമന്ത്രി നീങ്ങിയിരുന്നത്. സുപ്രീംകോടതി വിധിയെത്തുടർന്ന് ട്രസ്റ്റ് രൂപീകരിച്ചതു മുതൽ ഉത്തർപ്രദേശ് സർക്കാരിനു കാര്യമായ പങ്കാളിത്തമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ നൃപേന്ദ്ര മിശ്രയായിരുന്നു രാമക്ഷേത്ര നിർമാണ സമിതിയുടെ ചുമതലക്കാരൻ. ക്ഷേത്രത്തിന്റെ നിലവിലെ ഭരണസംവിധാനങ്ങളും ആയിരത്തിലേറെ ജീവനക്കാരുടെ നിയമനങ്ങളുമെല്ലാം നടത്തിയതും ട്രസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു.രാമക്ഷേത്രം യാഥാർഥ്യമായത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ വലിയ നേട്ടമുണ്ടാക്കാൻ ബിജെപിയെ സഹായിക്കുമെന്നു പ്രധാനമന്ത്രി പ്രതീക്ഷിച്ചിരുന്നു. നാനൂറിനു മുകളിൽ സീറ്റുകൾ നേടുമെന്നു പ്രഖ്യാപിച്ച് പ്രചാരണം നയിക്കാൻ പ്രധാനമന്ത്രി തയാറായതും അതുകൊണ്ടുതന്നെ. എന്നാൽ, കനത്ത തിരിച്ചടിയാണ് ഉത്തർപ്രദേശിൽ നിന്നുണ്ടായത്. 2019 ൽ ഉത്തർപ്രദേശിലെ 80 സീറ്റിൽ 71ലും ജയിച്ച ബിജെപിക്ക് 2024 ലഭിച്ചത് 36 സീറ്റുകൾ മാത്രം. അയോധ്യ ഉൾപ്പെടുന്ന സീറ്റും നഷ്ടമായി. യോഗി ആദിത്യനാഥിന്റെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാതെ സ്ഥാനാർഥി നിർണയം നടത്തിയതാണു തിരിച്ചടിക്കു കാരണമെന്ന് അന്നുതന്നെ വിലയിരുത്തലുണ്ടായിരുന്നു.അടുത്ത വർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനമാണ് ഉത്തർപ്രദേശ്. ആരോപണങ്ങൾ ഈ സമയത്തു പുറത്തുവരുന്നത് ഗുണകരമാവില്ലെന്ന് ബിജെപിക്കും സംഘപരിവാറിനും അറിയാം. എന്നിട്ടും നൃപേന്ദ്ര മിശ്ര ഉൾപ്പെടെയുള്ളവർ സംഭാവനക്കൊള്ളയെക്കുറിച്ച് തുറന്നു പറയാൻ ഈ സമയം തിരഞ്ഞെടുത്തത് യോഗിയെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ടാണെന്നു വിശ്വസിക്കുന്നവരുമുണ്ട്. എന്നാൽ, പഴുതടച്ച അന്വേഷണത്തിലൂടെ പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവർ ഉൾപ്പെടെ കുറ്റക്കാരെയെല്ലാം പൂട്ടാനാണ് യോഗി മറുനീക്കം നടത്തുന്നത്.