പെരുമ്പാവൂർ∙ ‘ഉള്ള കാര്യം പറഞ്ഞാൽ ആരെയും ഇക്കാര്യത്തിൽ വിശ്വസിക്കാൻ പറ്റില്ല. കൂടെ നടക്കുന്നവനു തന്നെ ഇതിന്റെ ഇടപാടുണ്ടെന്നു നമ്മളറിയുന്നത് പിന്നീടാവും. അത്തരം കുറെ കേസുകളുണ്ട്. ഭായിമാർക്കു മാത്രമായിട്ട് ഇവിടൊന്നും ചെയ്യാൻ പറ്റില്ല. അവര് ഇതു കൊണ്ടുനടന്നോ, വല്ല കടയിലിരുന്നോ വിൽക്കുന്നു എന്നേയുള്ളൂ. ബാക്കിയെല്ലാം ഇവിടെയുള്ളവർ തന്നെയാണ്, ഒരു സംശയവും വേണ്ട. ഇക്കാര്യങ്ങളൊക്കെ പൊലീസിനും എക്സൈസിനും അറിയാം. ഓപ്പറേഷന്‍ തൂഫാൻ എന്നോ എന്തു വേണമെങ്കിലും പേരിട്ടോട്ടെ, ഇതിനൊരു പരിഹാരമുണ്ടാക്കിയാൽ മതി’’– പെരുമ്പാവൂരിലെ വ്യാപാരികളിലൊരാൾ മനസ്സു തുറന്നത് ഇങ്ങനെയാണ്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പെരുമ്പാവൂർ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ‘‘പലപ്പോഴും ഈ ഭായി കോളനിയുടെ കാര്യം മാത്രമേ ആളുകൾ പറയുന്നുള്ളൂ. എന്നാൽ പെരുമ്പാവൂരിന്റെ എല്ലാ ഭാഗത്തേക്കും ലഹരി ഇടപാട് വ്യാപിച്ചിട്ടുണ്ട്. അത് മലയാളികളുടെ പങ്ക് ഇല്ലാതെ വരില്ലല്ലോ’’, അദ്ദേഹം പറയുന്നു. പെരുമ്പാവൂരിലും പരിസര പ്രദേശങ്ങളിലുമൊക്കെ കണ്ടുമുട്ടിയവർ പറയുന്ന പ്രധാന കാര്യം, ലഹരി ഇടപാടുകൾക്കു ചുക്കാൻ പിടിക്കുന്നവരെ പൂട്ടാതെ ഒന്നും നടക്കില്ല എന്നാണ്; പെരുമ്പാവൂരിലെ അതിഥിത്തൊഴിലാളികൾ അതിലെ ഒരു കണ്ണി മാത്രമാണെന്നും. തുറന്നു പറയുന്ന പലർക്കും പേരു വെളിപ്പെടുത്താൻ മടിയാണ്. കാരണം ‘പണി’ ഏതുവഴി വരുമെന്ന് അറിയില്ല. നല്ല ലാഭമാണ്, ചെറുപ്പക്കാർക്ക് വേറെ ജോലിയുമില്ല
അതിഥിത്തൊഴിലാളികൾ മാത്രമല്ല, നമ്മുടെ ചെറുപ്പക്കാരും ലഹരിയിടപാടിലുണ്ടെന്ന് പെരുമ്പാവൂർ തണ്ടേക്കാട് സ്വദേശി സക്കീർ പറയുന്നു. ‘‘പലർക്കും മറ്റു പണികളൊന്നുമില്ല. തൊഴിലില്ലായ്മ ഇതിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. ഇവർ എവിടുന്നെങ്കിലും സാധനം ഇറക്കി പലരും വഴി വിൽക്കുന്നു, ഓരോ ഇടപാടിനും 2000–3000 രൂപയൊക്കെയാണ് ലാഭം. എന്നിട്ട് അവര് നല്ല നിലയിൽ ജീവിക്കുകയും ചെയ്യുന്നു. നമ്മളൊക്കെ ദിവസം മുഴുവൻ അധ്വാനിച്ചാലും ആ പൈസ കിട്ടില്ല. ഭായിമാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് എല്ലാവർക്കും അറിയാം. കഞ്ചാവായിരുന്നു മുമ്പെങ്കിൽ ഇപ്പോൾ ഇൻജക്‌ഷനാണ്.’’ ലഹരി ഉപയോഗം അതിന്റെ മൂർധന്യത്തിലെത്തി കൈകൾ മുറിച്ചവരെ പോലും കണ്ടിട്ടുണ്ടെന്ന് സക്കീർ പറയുന്നു. ‘‘ഒരുത്തന്റെ കയ്യിൽ 16 മുറിവു ഞാൻ എണ്ണിയിട്ടുണ്ട്, ചോദിച്ചപ്പോൾ പറഞ്ഞത്, ലഹരിയാണ് എന്നാണ്’’– സക്കീർ പറയുന്നു.പയ്യന്മാരൊക്കെ അടിയുണ്ട്, പുറത്തുകടക്കുക എളുപ്പമല്ല
‘‘പയ്യന്മാരൊക്കെ അടിയുണ്ട്. ഉച്ചയ്ക്ക് തുടങ്ങുന്ന അടി രാത്രി 2–3 മണി വരെയൊക്കെ പോകും. വെളുപ്പിനെയാണ് ഉറക്കം. 400–500 മൊക്കെ പിരിവിട്ട് കെമിക്കലു വാങ്ങിയാണ് അടിക്കുന്നത്. പൈസ ഇല്ലെങ്കിൽ കഞ്ചാവ് മേടിക്കും. പക്ഷേ ഇവിടെ വരുന്നത് മുഴുവൻ മോശം സാധനങ്ങളാണ്. അതുകൊണ്ട് എങ്ങനേലും പൈസയുണ്ടാക്കാനാണ് നോക്കുക. അങ്ങനെയാണ് ഇതിന്റെ വിൽപനയിലേക്കു കൂടി കയറുന്നത്. ഈ പ്രദേശത്തെ ഒരു 80 ശതമാനം പിള്ളേരും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലുമൊക്കെ ഇടപാടുകൾ ഉള്ളവരാണ്. സാധനവും ഉപയോഗിക്കാം, പൈസയും കിട്ടും എന്നതാണ് അവരുടെ ലൈൻ’’– പെരുമ്പാവൂർ നഗരത്തിൽ കണ്ടുമുട്ടിയ ചെറുപ്പക്കാരിലൊരാൾ പറഞ്ഞത് ഇങ്ങനെയാണ്.‘‘കൊച്ചിയിൽ പഠിച്ചിരുന്ന കാലത്ത് ഞാനും അടിച്ചിരുന്നു. 10 വർഷം മുമ്പാണ്. എല്ലാം ഉപയോഗിച്ചു നോക്കിയിട്ടുണ്ട്. ഒരു ഘട്ടം വന്നപ്പോൾ കാര്യങ്ങൾ കൈവിട്ടു തുടങ്ങി. കോളജുകാർ വീട്ടിൽ അറിയിച്ചു. അങ്ങനെ അവർ വന്ന് എന്നെ കൊണ്ടുപോയി, കുറച്ചുനാൾ മതപഠനത്തിനു വിട്ടു. പിന്നെ രണ്ടു വർഷത്തോളം ഗൾഫിലായിരുന്നു. അങ്ങനെയാണ് ഇതിൽനിന്നു പുറത്തു കടന്നത്. ഇപ്പോൾ ഭാര്യയും കുട്ടികളുമായി, ബിസിനസ് നടത്തി ജീവിക്കുന്നു.’’– അദ്ദേഹം പറഞ്ഞു.ഉയരമുള്ള ഷൂവിൽ ഒളിപ്പിച്ച ലഹരി, നാട്ടുകാര്‍ക്കും പങ്ക്
‘‘ഇതിപ്പോൾ തുടങ്ങിയതൊന്നുമല്ല, കേൾക്കുമ്പോൾ അതിശയോക്തി ആണെന്നു തോന്നാം. പല കുടുംബങ്ങളിലും ഒരാളെങ്കിലും ഈ ലഹരി ഇടപാടുകളുമായി ബന്ധമുണ്ടായിരുന്നവരോ ഇപ്പോഴും ഉള്ളവരോ ആണ്. വീട്ടുകാരൊക്കെ ആദ്യഘട്ടത്തിൽ കണ്ണടയ്ക്കാറായിരുന്നു പതിവ്. ഒന്നോ രണ്ടോ തവണ പറയും, പിന്നെ എത്ര തവണ പറയും? പിന്നീട് ഇതൊക്കെ ഭായിമാരുടെ തലയിൽ ഇടും. 10–12 വർഷം മുൻപുതന്നെ ഇത് തുടങ്ങിയിരുന്നു. അന്നു കഞ്ചാവാണ്. ഇവിടെനിന്നു കഞ്ചാവുമായി അങ്കമാലിക്കും ചാലക്കുടിക്കുമൊക്കെ പോയി നല്ല പൈസയുമായി വരുന്നവർ ഉണ്ടായിരുന്നു. അന്ന് അതൊന്നും നിയന്ത്രിക്കാൻ ആരുമുണ്ടായില്ല. പാലക്കാട്ടുതാഴം പാലത്തിന്റെ അടുത്തൊക്കെ കഞ്ചാവ് വിൽക്കുന്ന ഭായിമാരാണ് കാരണമെന്നൊക്കെ പറയുന്നത് മുഴുവൻ ശരിയല്ല, അവരും ഉണ്ടെന്നേ ഉള്ളൂ’’– വെങ്ങോല സ്വദേശിയായ മധ്യവയസ്കൻ പറയുന്നു. ‘‘പണ്ട് ഞങ്ങൾ നാട്ടുകാർ കുറച്ചൊക്കെ ശ്രമിച്ചിരുന്നു. അന്ന് ഉയരമുള്ള ഷൂ ഇട്ടു വരുന്നവരെ പിടികൂടുന്നത് പതിവു പരിപാടിയാണ്. അവർ ഈ ഷൂവിന്റെ അകത്തായിരുന്നു കഞ്ചാവ് ഒളിപ്പിച്ചു വച്ചിരുന്നത്. പിന്നെ അതൊക്കെ നിന്നു’’– അദ്ദേഹം പറഞ്ഞു.പ്രതീക്ഷിക്കാത്ത പലരേയും കണ്ട് അമ്പരന്നിട്ടുണ്ട്, ശിക്ഷ കടുപ്പിക്കണം
തികഞ്ഞ മാന്യരെന്ന പ്രതിച്ഛായയുള്ള ചിലരും ലഹരിക്കേസിൽ പിടിയിലാകുന്നതു കണ്ട് ഞെട്ടിപ്പോയിട്ടുണ്ടെന്ന് പെരുമ്പാവൂർ ടൗണിലെ ഒരു വ്യാപാരി പറയുന്നു. ‘‘നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പല മുതിർന്നവരും ലഹരിക്കേസിൽ പിടിയിലാകുന്നതു കണ്ടു ഞെട്ടിപ്പോയിട്ടുണ്ട്. അത്രത്തോളം ആഴത്തിൽ ഇത് പോയിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം സാമ്പത്തികലാഭമാണ്. ഇതിൽനിന്നു പുറത്തുവരിക എളുപ്പമല്ല. അത് അവസാനിപ്പിക്കണമെങ്കിൽ ലഹരി ഇടപാടിനു ലഭിക്കുന്ന ശിക്ഷ പാഠമാകണം.പിടിയിലായാൽ മുന്നോട്ടുള്ള ജീവിതം എളുപ്പമാകില്ല എന്ന് ലഹരി കടത്തുകാർ മനസ്സിലാക്കണം. അത് കുറച്ചൊക്കെ സഹായിച്ചേക്കും. പല വീടുകളിലും ലഹരിഉപയോഗത്തിന്റെ ദുരിതമുണ്ട്. പലരും പുറത്തു പറയുന്നില്ല എന്നേയുള്ളൂ. പൊലീസിനും എക്സൈസിനുമൊക്കെ കാര്യങ്ങളറിയാഞ്ഞിട്ടൊന്നുമല്ല. പലർക്കും കൃത്യമായ വിഹിതവും കിട്ടുന്നുണ്ട്. അതല്ലെങ്കിൽ ലഹരി ഇടപാടിനു പിടിക്കുന്ന ഭായിമാരെ വരെ ദിവസങ്ങൾക്കുള്ളിൽ 50,000 വും ഒരു ലക്ഷവുമൊക്കെ കെട്ടിവച്ച് ഇറക്കിക്കൊണ്ടു പോകുന്നത് ആരാണ്? എന്താണ് അതു ചെയ്യുന്നവർക്കുള്ള ആവശ്യം?’’ അദ്ദേഹം ചോദിക്കുന്നു.






