‘ലീഗ് നേതാക്കളുടെ നിലപാടുകൾ വിരോധാഭാസം’: സാദിഖലി ശിഹാബ് തങ്ങൾക്ക് വി.ശിവൻകുട്ടിയുടെ തുറന്ന കത്ത്

 

തിരുവനന്തപുരം∙ പിഎം ശ്രീ വിഷയം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് തുറന്ന കത്തുമായി മുന്‍മന്ത്രി വി.ശിവന്‍കുട്ടി. പ്രധാനമന്ത്രിയുടെ ഭവനപദ്ധതി, പിഎം ശ്രീ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ നിയമനം, വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പന എന്നീ വിഷയങ്ങളില്‍ ലീഗ് മന്ത്രിമാരുടെയും നേതൃത്വത്തിന്റെയും നിലപാടുകളെ ചോദ്യം ചെയ്താണ് ശിവന്‍കുട്ടിയുടെ കത്ത്. പിഎം ശ്രീ കരാര്‍ കേന്ദ്രവുമായി ഒപ്പിടുമ്പോള്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു വി.ശിവന്‍കുട്ടി. യുഡിഎഫ് സര്‍ക്കാരിന്റെ സമീപകാല പ്രവര്‍ത്തനങ്ങളെ മതേതര കേരളം വലിയ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്നു ശിവന്‍കുട്ടി കത്തില്‍ വ്യക്തമാക്കുന്നു. പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗ് നേതൃത്വം ഇക്കാര്യങ്ങളില്‍ പുലര്‍ത്തുന്ന മൗനവും അലംഭാവവും അങ്ങേയറ്റം ദുരൂഹമാണ്.മതേതരത്വത്തിന്റെ പാരമ്പര്യം പേറുന്നവരാണ് മുസ്‌ലിം ലീഗ് എന്ന് അവകാശപ്പെടുമ്പോള്‍, ആ പാര്‍ട്ടിയുടെ നേതാക്കള്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വിരോധാഭാസമായി മാറുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പ്രധാനമന്ത്രിയുടെ ചിത്രമോ ലോഗോയോ പതിക്കണമെന്ന വ്യവസ്ഥ അംഗീകരിക്കാമെന്നുള്ള മന്ത്രി ഷാജിയുടെ പ്രസ്താവന, മതേതര കേരളത്തിന്റെ ആത്മവീര്യത്തിന് മേല്‍ പതിച്ച പ്രഹരമാണ്. യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ അജൻഡകൾക്ക് കുടപിടിക്കുകയാണ്. പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പച്ചക്കൊടി കാണിക്കാന്‍ ലീഗ് മന്ത്രിമാര്‍ തയാറായതും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി വെട്ടിക്കുറച്ച് മദ്യപാനം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാകുമല്ലോ. ചന്ദ്രിക പത്രത്തില്‍ ലേഖനമെഴുതി ഇതിനെ വിമര്‍ശിക്കുന്നതിന് പകരം, ഈ തീരുമാനങ്ങള്‍ തിരുത്താന്‍ മുഖ്യമന്ത്രിയെ വിളിച്ച് കര്‍ശനമായ നിലപാട് സ്വീകരിക്കാനല്ലേ തയാറാവേണ്ടിയിരുന്നത്. അത് ചെയ്യാന്‍ തയാറല്ലെങ്കില്‍, മന്ത്രിമാരോട് രാജിവയ്ക്കാന്‍ ആവശ്യപ്പെടാനുള്ള ആര്‍ജവമെങ്കിലും ലീഗ് നേതൃത്വം കാണിക്കണം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി സംഘപരിവാര്‍ പശ്ചാത്തലമുള്ള എന്‍. ശേഷാദ്രിനാഥനെ നിയമിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മുന്‍കാല സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ പോലും മറച്ചുവയ്ക്കപ്പെട്ടത് ആരുടെ താൽപര്യപ്രകാരമാണ്? വോട്ടര്‍ പട്ടികയിലും തിരഞ്ഞെടുപ്പ് പ്രക്രിയകളിലും ബിജെപിക്ക് അനായാസം ഇടപെടാന്‍ വഴിയൊരുക്കുന്നതല്ലേ ഈ നിയമനം എന്നും ശിവന്‍കുട്ടി ചോദിക്കുന്നു.