പുണെ∙ പ്രതിശ്രുത വധു സിയ ഗോയലും ചേതനും തമ്മിൽ പ്രണയബന്ധമുണ്ടെന്ന് കൊല്ലപ്പെടുന്നതിന് മുമ്പ് മകൻ കേതൻ അഗർവാള്‍ സംശയം പ്രകടിപ്പിച്ചിരുന്നതായി പിതാവ് വിശാൽ അഗർവാളിന്റെ വെളിപ്പെടുത്തൽ. എഫ്ഐആറിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. വിവാഹനിശ്ചയത്തിന് പിന്നാലെ സിയ ചെറിയ കാര്യങ്ങൾക്ക് പോലും പ്രശ്നം ഉണ്ടാക്കുന്നതായി കേതൻ പറഞ്ഞതായി പിതാവ് എഫ്ഐആറിൽ പറയുന്നുണ്ട്. കഴിഞ്ഞ ഒരുമാസമായി ചെറിയ കാര്യങ്ങൾക്ക് പോലും സിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. എന്നാൽ അവൾ പ്രായത്തിൽ ഇളയതായതിനാൽ ആയിരിക്കും ഇങ്ങനെ പെരുമാറുന്നതെന്നും അതുകൊണ്ട് തന്നെ ഒന്നും കാര്യമാക്കിയില്ലെന്നും കേതൻ പിതാവിനോട് പറഞ്ഞു.ജൂൺ അഞ്ചിന് ലോഹഗഡ് കോട്ട സന്ദർശിച്ച് തിരിച്ചുവരുന്നവഴി സിയയുടെ സ്വഭാവരീതികളെക്കുറിച്ച് പറഞ്ഞ കേതൻ, പെൺകുട്ടിയുടെ പശ്ചാത്തലത്തെക്കുറിച്ച് ശരിയായി അന്വേഷിച്ചിരുന്നോയെന്ന് പിതാവിനോട് ചോദിക്കുകയും ചെയ്തിരുന്നു. സുഹൃത്ത് ചേതൻ സിയയെ നിരന്തരം വിളിക്കാറുണ്ടെന്നും ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും കേതൻ പിതാവിനോട് പറഞ്ഞിരുന്നു. സിയയും ചേതനും തമ്മിൽ പ്രണയബന്ധത്തിലാണോയെന്ന് സംശയമുണ്ടെന്ന് സഹോദരൻ വിജയ് അഗർവാൾ പറഞ്ഞിരുന്നതായും എന്നാൽ മരുമകൾ രാഘി അഗർവാൾ ഇരുവരും തമ്മിലുള്ള ബന്ധത്തിൽ വ്യക്തവരുത്തുകയായിരുന്നെന്നും വിശാൽ അഗർവാൾ വെളിപ്പെടുത്തി. ജൂൺ 18നാണ് യുവവ്യവസായി കേതൻ അഗർവാളിനെ പ്രതിശ്രുത വധു സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് ലോഹ്ഗഡ് കോട്ടയിൽ ട്രെക്കിങ്ങിനിടെ കൊലപ്പെടുത്തിയത്. അപകടമരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിലാണ് ആസൂത്രിത കൊലപാതകമാണെന്നു തെളിഞ്ഞത്. സിയയുടെ ജന്മദിനം ആഘോഷിക്കാനാണു ഇരുവരും ലോഹഗഡിൽ ട്രെക്കിങ്ങിനു പോയത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സിയയുടെ കാമുകൻ സ്ഥലത്തെത്തുകയും ഇരുവരും ചേർന്നു കേതനെ കൊക്കയിലേക്ക് തള്ളിയിടുകയുമായിരുന്നു. ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി വീണതാണെന്നായിരുന്നു സിയ പൊലീസിനോടു പറഞ്ഞത്. ഇരുവരുടെയും വിവാഹം നവംബറിൽ നടത്താനിരിക്കുകയായിരുന്നു.









