Headlines

പിണറായിക്ക് എംഎൽഎ ഹോസ്റ്റലിലും ക്വാർട്ടേഴ്സ് ആവശ്യപ്പെട്ട് സിപിഎം

 

തിരുവനന്തപുരം ∙ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലേക്കു പിണറായി വിജയൻ താമസം മാറിയാലും ഓഫിസ് സംവിധാനം എംഎൽഎ ഹോസ്റ്റലിലും നിയമസഭയിലുമായി പ്രവർത്തിക്കുമെന്നു സൂചന. എംഎൽഎ ഹോസ്റ്റലിൽ പ്രതിപക്ഷ നേതാവിന്റെ ഓഫിസിനായി ഒരു ക്വാർട്ടേഴ്സ് അധികമായി അനുവദിക്കണമെന്നാവശ്യപ്പെട്ടു സിപിഎം സ്പീക്കറെ സമീപിച്ചു.നിലവിൽ സിപിഎം, സിപിഐ, കോൺഗ്രസ് എന്നീ കക്ഷികൾക്ക് എംഎൽഎ ഹോസ്റ്റലിൽ പാർലമെന്ററി പാർട്ടി ഓഫിസ് അനുവദിച്ചിട്ടുണ്ട്. മുസ്‍ലിം ലീഗിനും ബിജെപിക്കും നിയമസഭയിലും ഓഫിസ് അനുവദിച്ചു. അപേക്ഷ നൽകുന്ന മുറയ്ക്കു മറ്റു പാർട്ടികൾക്കും നൽകേണ്ടിവരും.നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ ഓഫിസ് സഭാ സമ്മേളനമില്ലാത്തപ്പോഴും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഒരു വിഭാഗം സ്റ്റാഫ് ഇവിടെയാണുള്ളത്. ഇതിനു പുറമേയാണ് എംഎൽഎ ഹോസ്റ്റലിൽ അധികമായി ഓഫിസ് ചോദിച്ചത്.

 

പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിൽ പകുതിയിലധികം ജീവനക്കാരെ നിയമിച്ചു കഴിഞ്ഞു. ഇവർക്കു പ്രവർത്തിക്കാൻ നിലവിൽ ഇടമില്ലാതെ വന്നതോടെയാണ് എംഎൽഎ ഹോസ്റ്റലിലും ഓഫിസ് ചോദിച്ചത്. കന്റോൺമെന്റ് ഹൗസിലെ അറ്റകുറ്റപ്പണിക്കുശേഷമേ പിണറായി വിജയൻ അവിടേക്കു മാറുകയുള്ളൂ. പിണറായി മാറിയാലും ഓഫിസ് സംവിധാനം പൂർണമായി അവിടേക്കു മാറില്ലെന്ന സൂചനയാണുള്ളത്.