നാദാപുരം ∙ കണ്ണൂർ വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത് മൃതദേഹം അല്ലെന്ന് വ്യക്തമായിരിക്കെ വിലങ്ങാട് വാളൂക്കിനു സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സിജോ സ്കറിയയുടെ തിരോധാനം വീണ്ടും ചോദ്യമായി അവശേഷിക്കുന്നു. 2014ൽ ആണ് സിജോയെ കാണാതായത്. സിജോയുടെ തിരോധാനം സംബന്ധിച്ചു ബന്ധുക്കൾ 7 വർഷം കഴിഞ്ഞു കുറ്റ്യാടി പൊലീസിൽ പരാതി നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല. കല്ലറയിൽ കണ്ടെത്തിയ മൃതദേഹം സിജോയുടേതായിരിക്കാം എന്ന വിശ്വാസമായിരുന്നു സിജോയുടെ കുടുംബത്തിന്. സിജോയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം പുനരാരംഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വാളൂക്കിലെ ആലപ്പാട്ട് സ്കറിയയുടെയും ത്രേസ്യാമ്മയുടെയും മകനാണ് സിജോ. ത്രേസ്യാമ്മയുടെ പരാതിയിലാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. ഈ കേസിന്റെ അന്വേഷണം തുടരാനാണ് കുറ്റ്യാടി പൊലീസിന്റെ തീരുമാനം.ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ 38–ാം നമ്പർ പൊതുകല്ലറയിൽ 2 മൃതദേഹാവശിഷ്ടങ്ങൾ മാത്രമാണ് പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. 2006ൽ അടക്കം ചെയ്ത മറിയം മൊയ്യപ്പള്ളിലിന്റെയും 2015ൽ അടക്കിയ ജയിംസ് കുമ്പുക്കലിന്റെയും മൃതദേഹങ്ങൾ മാത്രമേ കണ്ടെത്തിയുള്ളൂ. ദുരൂഹതയ്ക്ക് ഇടയാക്കിയ പ്ലാസ്റ്റിക് പായ മറിയം മൊയ്യപ്പള്ളിലിനെ അടക്കംചെയ്തപ്പോൾ പെട്ടിയിൽ ഉണ്ടായിരുന്നതാണെന്ന് പരിശോധനയ്ക്കു നേതൃത്വം നൽകിയ അഡിഷനൽ എസ്പി എൻ.ആർ.ജയരാജ് പറഞ്ഞു. ശാസ്ത്രീയ സ്ഥിരീകരണത്തിനായി ഡിഎൻഎ, ഫൊറൻസിക് പരിശോധനകൾക്ക് സാംപിളുകൾ ശേഖരിച്ചു.
ഈമാസം 12ന് മരിച്ച കോലടി മത്തായിയുടെ മൃതദേഹം സംസ്കരിക്കാൻ കല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കംചെയ്ത മൃതദേഹത്തിനടുത്തായി പായയിൽ പൊതിഞ്ഞ നിലയിൽ കണ്ട വസ്തുവാണ് സംശയത്തിനിടയാക്കിയത്. ക്രിസ്തീയ ആചാരപ്രകാരം പായയിൽ പൊതിഞ്ഞു സംസ്കാരം ഇല്ലാത്തതാണ് സംശയത്തിനു കാരണമായത്. തുടർന്ന് പള്ളി അധികൃതർ കരിക്കോട്ടക്കരി പൊലീസിൽ പരാതി നൽകി. നേരത്തേ സംസ്കരിച്ച മറിയം, ജയിംസ് എന്നിവരുടെ ബന്ധുക്കളെ കണ്ടെത്തി പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നു പറഞ്ഞിരുന്നു. ഇതിനിടെയാണ് കോഴിക്കോട് വിലങ്ങാട് സ്വദേശി സിജോ സ്കറിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ അന്വേഷണം ആവശ്യപ്പെട്ടതും കല്ലറ വേഗം തുറന്ന് പരിശോധിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചതും.








