പുണെ∙ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂവെന്ന്, കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ (20) അമ്മ. പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ (26) കാമുകൻ ചേതൻ ചൗധരിക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗാഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കിട്ടണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവളെ തൂക്കിക്കൊല്ലൂ. ഒരമ്മയാണ് ഇതു പറയുന്നത്.’–സിയയുടെ മാതാവ് പറഞ്ഞു. തെറ്റു ചെയ്തത് ആരായാലും അവരെ തൂക്കിക്കൊല്ലണമെന്ന് സിയയുടെ പിതാവ് പ്രവീൺ ഗോയലും പ്രതികരിച്ചു. മകൾ കൊലപാതകക്കേസിൽ അറസ്റ്റിലായതോടെ ഹൃദയാഘാതമുണ്ടായ പ്രവീൺ ഗോയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വിവാഹത്തിന് സിയ ഒരിക്കലും വിസമ്മതം പ്രകടിപ്പിച്ചിരുന്നില്ലെന്നും എപ്പോഴും കേതനോടു സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിനിടെ, കേതനെ കൊലപ്പെടുത്തിയ ജൂൺ 18ന് രാവിലെ സിയയും കാമുകൻ ചേതനും ഒരു കഫേയിൽവച്ച് കൂടിക്കാഴ്ച നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കേതനെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് കേതനുമായി സിയ ലൊഹാഗാഡ് കോട്ടയിലെത്തിയത്. ചേതൻ ഇവർക്കു പിന്നാലെയെത്തി. തുടര്‍ന്ന് ചേതൻ കേതനെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 3,300 അടി ഉയരത്തിലാണ് ലോഹാഗാഡ് കോട്ട സ്ഥിതി ചെയ്യുന്നത്. സിയയ്ക്കും ചേതനുമെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഈ വർഷം ഫെബ്രുവരിയിലാണ് സിയയും കേതനുമായുള്ള വിവാഹം ഉറപ്പിച്ചത്. പ്രമുഖ നിർമാണ വ്യവസായി വിശാൽ അഗർവാളിന്റെ മകനാണ് കേതൻ. നവംബറിൽ രാജസ്ഥാനിലെ ഉദയ്പുരിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ജയ്പുരിലെ ഒരു കൊട്ടാരം 17 കോടി രൂപയ്ക്ക് കുടുംബം ബുക്ക് ചെയ്തിരുന്നതായും അതിഥികളെ എത്തിക്കാൻ രണ്ട് സ്വകാര്യ വിമാനങ്ങൾ ഏർപ്പാട് ചെയ്തിരുന്നതായും ബന്ധുക്കൾ പറഞ്ഞു. എന്നാൽ ചേതനുമായി പ്രണയത്തിലായിരുന്നു സിയ. ഇതോടെ ഇരുവരും ചേർന്ന് കേതനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു.
കൊടുംചൂടിൽ ഹൂഡി
കേതന്റെ കൊലപാതകം തെളിയിക്കാൻ പൊലീസിനെ സഹായിച്ച പ്രധാന ഘടകം ചേതൻ ധരിച്ചിരുന്ന ഹൂഡിയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെ കേതനും സിയയ്ക്കു പിന്നാലെ ഹൂഡി ധരിച്ച് നടന്നുപോകുന്നയാള്‍ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡി ധരിച്ചിരുന്ന ഇയാൾ അതിനുമുകളിൽ ഹെഡ്സെറ്റും വച്ചിരുന്നു. സിയ ഇടയ്ക്ക് ഇയാളെ തിരിഞ്ഞുനോക്കുന്നതും സിസിടിവിയിൽ വ്യക്തമായി. 33 ഡിഗ്രി സെൽഷ്യസ് ചൂടുള്ള സമയത്ത് ഹൂഡി ധരിച്ചുപോകുന്നയാളിൽ പൊലീസിന് തോന്നിയ സംശയമാണ് ചേതനിലേക്കും പിന്നീട് കേതന്റെ കൊലപാതകം തെളിയുന്നതിലേക്കും എത്തിയത്.








