പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയ്ക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം. അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ ശ്യാംകൃഷ്ണയ്ക്കാണ് വയനാട്ടിൽ നിന്നും ആറ്റിങ്ങൽ കോടതിയിലേക്ക് സ്ഥലംമാറ്റം നൽകികൊണ്ട് സർക്കാർ ഉത്തരവിറക്കിയത്. അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും അതെല്ലാം പാഴായി.
2024 ജനുവരി 21നാണ് അനീഷ്യയെ പരവൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും കടുത്ത മാനസിക പീഡനം നേരിട്ടുവെന്നായിരുന്നു കുടുംബത്തിന്റെ പരാതി. ആത്മഹത്യ പ്രേരണക്ക് പ്രതിചേർത്ത ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീലിനെയും എപിസി ശ്യാം കൃഷ്ണനെയും അറസ്റ്റ് ചെയ്തെങ്കിലും ജാമ്യം നൽകിയിരുന്നു. തനിക്ക് നേരെയുണ്ടായ മാനസിക പീഡനങ്ങളെ കുറിച്ച് 19 പേജുള്ള ആത്മഹത്യാ കുറിപ്പിൽ അനീഷ്യ എഴുതിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ശബ്ദ സന്ദേശവും അയച്ചിരുന്നു.







