കോട്ടയം: കോണ്‍ഗ്രസുമായുളള ധാരണ പാലിച്ച് പാലാ നഗരസഭയിലെ സ്വതന്ത്ര മുന്നണി. പ്രതിസന്ധിയ്ക്ക് ശേഷമുളള ആദ്യ കൗണ്‍സില്‍ യോഗത്തില്‍ കൊട്ടാരമറ്റം ഓട്ടോ സ്റ്റാന്‍ഡ് നിലനിര്‍ത്താന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി. തീരുമാനം വായിച്ചശേഷം പ്രതിപക്ഷം സംസാരിക്കുന്നതിന് മുന്‍പ് തന്നെ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം ഇറങ്ങിപ്പോയി. കൗണ്‍സില്‍ യോഗം ആകെ ഒന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുളളതായിരുന്നു. ചെയര്‍പേഴ്സണ്‍ ഒളിച്ചോടിയതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വിവാദങ്ങളെക്കുറിച്ച് പറയാതിരിക്കാന്‍ ഇറങ്ങിപ്പോയതാണെന്നും വിമര്‍ശനം. ധാര്‍മ്മികത ഉണ്ടെങ്കില്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
കൊട്ടാരമറ്റം ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട തീരുമാനം ഐക്യകണ്ഠേന പാസാക്കാൻ പാലാ നഗരസഭ കൗണ്‍സില്‍ യോഗത്തിന് മുന്പുളള പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ തീരുമാനിച്ചിരുന്നു. കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഓട്ടോ സ്റ്റാന്‍ഡിന് കൂടിയുളള സ്ഥലം അനുവദിക്കാനാവില്ല എന്ന നിലപാടായിരുന്നു നേരത്തെ നഗരസഭ ചെയര്‍പേഴ്സണും സെക്രട്ടറിയും സ്വീകരിച്ചിരുന്നത്. ഇതിനെ ച്ചൊല്ലിയുളള തര്‍ക്കമാണ് നഗരസഭ ഭിന്നതയിലേക്ക് നയിച്ചത്. കോൺഗ്രസ് കൗണ്‍സിലറെ ബിനു പുളിക്കക്കണ്ടം കയ്യേറ്റം ചെയ്തതായി പരാതി ഉയർന്നിരുന്നു.ഓട്ടോറിക്ഷ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയത്തിലെ തര്‍ക്കത്തിനൊടുവില്‍ ബിനു പുളിക്കക്കണ്ടം കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു മാത്യൂസിനെ കയ്യേറ്റം ചെയ്തുവെന്നായിരുന്നു പരാതി. നഗരസഭയില്‍ ബിനു പുളിക്കക്കണ്ടവും കുടുംബവും ഏകാധിപത്യ സ്വഭാവത്തില്‍ പെരുമാറുന്നു എന്ന ആക്ഷേപം കോണ്‍ഗ്രസിനുളളില്‍ നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് ബിനു പുളിക്കക്കണ്ടത്തിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കയ്യേറ്റ പരാതി നല്‍കിയത്. അതിന് പിന്നാലെ കൗണ്‍സിലര്‍ക്കെതിരെ ചെയര്‍പേഴ്സണ്‍ ദിയ പുളിക്കക്കണ്ടവും പരാതി നല്കി.
തന്റെ ചേമ്പറിലെ വിലപ്പെട്ട വാച്ചും പ്രധാന ഫയലും നഷ്ടമായി എന്നാണ് ദിയയുടെ പരാതി. ബിനുവിനെതിരെ പരാതി നല്കിയ യുഡിഎഫ് കൗണ്‍സിലര്‍ ബിജു തോമസ് ചേമ്പറില്‍ വന്നുപോയതിന് ശേഷമാണ് സാധനങ്ങള്‍ കാണാതായത് എന്നാണ് ദിയ പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം കേസെടുക്കുന്നതിനായി ബിജുവും പൊലീസ് ഉദ്യോഗസ്ഥരും ചെയര്‍പേഴ്സണ്‍ ദിയ ഇല്ലാത്ത സമയത്ത് ചേമ്പറിലെത്തി മഹസര്‍ തയ്യാറാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദിയ പരാതി നല്‍കിയത്.








