സീൻ ഒന്ന് ചിരി, സീൻ രണ്ട് കണ്ണീർ: അഭിനയിക്കാനറിയില്ലെന്ന് പരിഹാസം; ദേശീയ പുരസ്കാരത്തിലൂടെ മറുപടി

 

അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞ് ഒരിക്കൽ ഒരു സിനിമയുടെ സെറ്റിൽ നിന്നു മടക്കിയയച്ച സലിം കുമാറാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം നൽകി ആദരിക്കപ്പെട്ടത്. സിനിമാ നടനാകണം എന്ന ആഗ്രഹം കുട്ടിക്കാലത്ത് അമ്മയടക്കം രണ്ടോ മൂന്നോ പേരോടുമാത്രമേ സലിം പറഞ്ഞിട്ടുള്ളൂ. അന്ന് അതു കേട്ടിട്ട് അവർ പറഞ്ഞ മറുപടി ഓർത്തിട്ടാണു മറ്റാരോടും പറയാതിരുന്നതെന്ന് സലിം തന്നെ പറഞ്ഞിട്ടുണ്ട്.‘കറുത്തിട്ട് എല്ലുകൾ ഉന്തി, കവിൾ കുഴിഞ്ഞ്, രണ്ടു മത്തങ്ങക്കണ്ണുകളുമായി നടക്കുന്ന ഞാൻ പ്രേംനസീർ, മമ്മൂട്ടി, റഹ്മാൻ തുടങ്ങിയ സുന്ദരന്മാർ വിരാജിക്കുന്ന ഒരിടത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാൽ, അതിൽ ഞാൻ അപമാനിതനായാൽ തെറ്റു പറനാനാവില്ല. അതിനാൽ സിനിമാനടൻ എന്ന മോഹത്തെ വക്കീൽകോട്ട് പുതപ്പിച്ചു. വക്കീലിനു ലുക്ക് വേണ്ടല്ലോ. ബുദ്ധി മതി. വക്കീൽ ആവുക എന്ന ആഗ്രഹം പറയുമ്പോൾ ആരും എന്നെ അപമാനിച്ചിട്ടില്ല.’വീട്ടിലെ പരിതസ്ഥിതികാരണം കുറേക്കാലം മംഗലാപുരത്ത് ബോട്ടിന്റെ മെക്കാനിക്കായി പോയെങ്കിലും അലർജി കാരണം മടങ്ങി. നാട്ടിൽ ക്ലബ്ബിന്റെ ഓണാഘോഷം പരിപാടിയുമായി കൂടി. എറണാകുളത്തെ മഹാരാജാസ് കോളജിൽ പഠിക്കുന്നത് സലിമിന്റെ സ്വപ്നമായിരുന്നു. പ്രീഡിഗ്രിക്ക് സെക്കൻഡ് ക്ലാസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ‘എന്നെ എടുത്താൽ സർവകലാശാല‌ പ്രൈസ് കൊണ്ടുവരാം’ എന്നു തട്ടിവിട്ടതോടെ പറവൂർക്കാരനായ പ്രിൻസിപ്പൽ ഈവനിങ് ബാച്ചിൽ സലിമിനു പ്രവേശനം നൽകി. ഒരാഴ്ച കഴിഞ്ഞപ്പോൾ സർക്കാർ ഇവനിങ് കോഴ്സ് തന്നെ നിർത്തി. ഭാഗ്യത്തിനു നിലവിലുള്ളവർക്കു തുടർന്നും പഠിക്കാൻ അനുമതിയുണ്ടായിരുന്നു. അങ്ങനിരിക്കെ 1993ൽ സർവക‌ലാശാല യുവജനോത്സവം വന്നു. മിമിക്രിക്ക് ഒന്നാം സ്ഥാനം കിട്ടിയതു സലിമിനു വഴിത്തിരിവായി. അതോടെ ഈവനിങ് ഷിഫ്റ്റിൽനിന്നു ഡേ ഷിഫ്റ്റിലേക്കു സ്ഥാനക്കയറ്റം കിട്ടിയെന്നതുമാത്രമല്ല, അന്നു സലിംകുമാറിന്റെ പ്രകടനം കണ്ട കലാഭവനിലെ കെ.എസ് പ്രസാദ് അവിടെ ചേരാൻ ക്ഷണിക്കുകയും ചെയ്തു. ഒട്ടുംമടിക്കാതെ കലാഭവനിൽ ചേർന്നു. ഇതിനിടെ സഹോദരൻ മരിച്ചതോടെ കുടുംബച്ചുമതലയായി..

 

തൃപ്രയാറ്റിൽ നടന്ന ഒരു മിമിക്രി പരിപാടിയാണ് സലിമിന് സിനിമയിലേക്കു വാതിൽ തുറന്നുകൊടുത്തത്. ദിലീപും നാദിർഷയും മുഖ്യാതിഥികളായി പങ്കെടുത്ത പരിപാടി മിമിക്രി ട്രൂപ്പിലെ രണ്ടുപേർ വരാഞ്ഞതു കാരണം അലമ്പായി. ഒടുവിൽ ദിലീപും നാദിർഷയും സ്റ്റേജിൽ കയറി. പരിപാടിക്കുശേഷം നടന്ന സ്നേഹവിരുന്നിനിടെ തിരക്കഥാകൃത്ത് റോബിൻതിരുമല വന്നപ്പോൾ നാദിർഷയാണ് സലിമിനെ സിനിമയിലേക്കു ശുപാർശ ചെയ്തത്. അങ്ങനെ സിദ്ദിഖ് ഷമീറിനുവേണ്ടി റോബിൻ എഴുതുന്ന ‘മഴവിൽ കൂടാരം’ എന്ന സിനിമയിൽ ഒരു വേഷം കിട്ടി. പക്ഷേ, ഒരുപാടു പ്രതീക്ഷയോടെ സെറ്റിൽ ചെന്നപ്പോളാകട്ടെ, കാര്യങ്ങള‌ാകെ തകിടം മറിഞ്ഞിരിക്കുന്നു. തിരക്കഥാകൃത്ത് പിണങ്ങിപ്പോയതിനാൽ പുതിയൊരാളാണ് എഴുതുന്നത്. പഴയ പരിചയക്കാരനാണ്. പക്ഷേ, ചെന്ന കാര്യമറിഞ്ഞപ്പോൾ അയാൾ പറഞ്ഞു: ‘ഒരു കാര്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ അതിനു വേണ്ടുന്ന യോഗ്യത നമുക്കുണ്ടോ എന്നാലോചിക്കണം.’ സങ്കടത്തോടെ വീട്ടിൽ വന്നപ്പോൾ അമ്മ സമാധാനിപ്പിച്ചു-നീ വിഷമിക്കേണ്ട. നിനക്കു വിധിച്ചതേ നിനക്കു കിട്ടൂ.പ്രീഡിഗ്രിക്കു ട്യൂഷനുപോയ സമയത്താണ് സുനിതയെ കാണുന്നത് പ്രണയം തുടങ്ങി. 1996 സെപ്റ്റംബർ 14നായിരുന്നു വിവാഹം. .കല്യാണത്തലേന്ന് മിമിക്രിയും ഗാനമേളയുമൊക്കെയുണ്ടായിരുന്നു കല്യാണം കഴിഞ്ഞു പിറ്റേന്ന് ഭാര്യവീട്ടിൽ ഇരിക്കുമ്പോൾ അതാ ഭാഗ്യം കാറുപിടിച്ചുവരുന്നു. സിദ്ദിഖ് ഷമീറിന്റെ ‘ഇഷ്ടമാണ് നൂറുവട്ട’ത്തിന്റെ സെറ്റിലേക്ക് ക്ഷണിക്കാനെത്തിയ പ്രൊഡക്‌ഷൻ കൺട്രോളറായിരുന്നു അത്.

 

സിനിമാഭിനയം കൊണ്ടു ജീവിക്കാൻ വിധിയില്ലെന്നും ഉപജീവനത്തിനു മറ്റെന്തെങ്കിലും തൊഴിൽ തേടണമെന്നും സലിം മനസ്സിനെ പറഞ്ഞുമനസ്സിലാക്കിയ കാലവുമുണ്ട്. ‘നീ വരുവോളം’ എന്ന സിനിമയുടെ സെറ്റിലായിരുന്നു അത്. 11 സീനിൽ ഒൻപതു സീനും ഷൂട്ട് ചെയ്തുകഴിഞ്ഞു. അടുത്ത രണ്ടു സീനിൽ പ്രഗത്ഭരായ മറ്റു രണ്ടു നടന്മാരോടൊപ്പമാണ് അഭിനയിക്കേണ്ടത്. അതിലൊരാൾക്ക് സലിമിന്റെ അഭിനയം ഇഷ്ടപ്പെട്ടില്ല. അഭിനയം പഠിപ്പിക്കാൻ തുടങ്ങിയെന്നു മാത്രമല്ല, സംവിധായകനുപകരം കട്ട് പറയാനും മുതിർന്നു. ഒടുവിൽ ‘അറിയാൻ പാടില്ലെങ്കിൽ ഈ പണിക്കു വരരുത്’ എന്ന് പരസ്യമായി പരിഹസിച്ചു. ഷൂട്ടിങ് കാണാൻ കൂടിനിന്ന ആളുകളുടെയെല്ലാം മുഖത്ത് ചിരി. പിറ്റേന്ന് കോട്ടയം റെയിൽവേസ്റ്റേഷനിൽ കൊണ്ടുവിട്ട പ്രൊഡക്ഷൻ മാനേജരാകട്ടെ, ടിക്കറ്റെടുക്കാൻ പോയിട്ടുമുങ്ങി. റെയിൽവേസ്റ്റേഷനിൽ പരിചയപ്പെട്ട ഒരു വിദേശ മലയാളിയോടു പണം വാങ്ങിയാണ് സലിം വീട്ടിലെത്തിയത്. പിന്നീടറിഞ്ഞു, തന്നെ, ആ സിനിമയിൽനിന്നു തന്നെ മാറ്റിയെന്ന‌്. പക്ഷേ, അന്വേഷണം അവസാനിപ്പിച്ചില്ല. അവിടെയും ഇവിടെയും ചെറിയ ചെറിയ വേഷങ്ങൾ കിട്ടി. ‘തെങ്കാശിപ്പട്ടണ’ത്തിലെ മുത്തുരാമൻ എന്ന കഥാപാത്രം വഴിത്തിരിവായതോടെയാണു വേഷങ്ങൾ തേടിയെത്തിയത്.വഷളത്തരങ്ങൾ അഭിനയിച്ചുനടന്ന തന്നിൽ അഭിനയത്തിന്റെ സ്പാർക്ക് ഉണ്ടെന്ന് ആദ്യം കണ്ടെത്തിയത് സംവിധായകൻ കമൽ ആയിരുന്നു എന്നു സലിംകുമാർ പറഞ്ഞിട്ടുണ്ട്.. ഒരിക്കൽ ‘ഗ്രാമഫോണി’ലെ തബലഭാസ്കരന്റെ റോളിലേക്കു കമൽ വിളിച്ചപ്പോൾ സലിം മുങ്ങിയതാണ്. എന്നിട്ടും കമൽ, സലിമിനായി ക്ഷമയോടെ കാത്തിരുന്നു. സലിമിനെ സീരിയസ് ആയി കാണാൻ പലരെയും പ്രേരിപ്പിച്ചതും സലിമിനെത്തന്നെ ധൈര്യവാനാക്കിയതും ആ വേഷമായിരുന്നു. പിന്നീട് കമൽ ‘പെരുമഴക്കാല’ത്തിലും വേഷം നൽകി.

 

നടൻ എന്ന സലിംകുമാറിന്റെ ഗ്രാഫിൽ പ്രധാനപ്പെട്ട സിനിമയാണത്. കമലിനെപ്പോലെ പ്രധാന വേഷം നൽകിയ മറ്റൊരു സംവിധായകൻ ലാൽജോസ് ആയിരുന്നു. ‘മീശമാധവ’നിൽ ലുക്കില്ലാത്ത വക്കീലായിരുന്ന സലിമിന് ‘അച്ഛനുറങ്ങാത്ത വീട്ടി’ലൂടെ കരിയറിലെ വലിയ ബ്രേക്ക് നൽകിയത് അദ്ദേഹമായിരുന്നു. സിനിമ ആ വർഷത്തെ രണ്ടാമത്തെ മികച്ച ചിത്രവും‌ സാമുവലിന്റെ വേഷത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരവും കിട്ടി. താൻ സ്നേഹിച്ചു കൊതിതീരാതെപോയ അച്ഛന്റെ രൂപമായിരുന്നു സാമുവലിന് എന്ന് സലിം പറഞ്ഞിട്ടുണ്ട്.

 

‘ബ്രിഡ്ജി’ലെയും ‘പെരുമഴക്കാല’ത്തിലെയും വേഷങ്ങളും വെല്ലുവിളിയായി.‌‌രുന്നു. പിന്നാലെ ‘ആദാമിന്റെ മകൻ അബു’ വന്നു. 2011 ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം അബുവിനെ തേടിവന്നു. 2012ൽ സലിംകുമാർ മികച്ച ഹാസ്യനടനായി. അങ്ങനെ മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, മികച്ച ഹാസ്യനടൻ എന്നീ പുരസ്കാരങ്ങൾ നേടുന്ന കേരളത്തിലെ ആദ്യത്തെ വ്യക്തിയായി സലിം.