Headlines

‘മേയർ വസ്‌തുതയറിയാതെ സംസാരിക്കുന്നു; അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷന്‍’; വി ശിവന്‍കുട്ടി

 

തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ ഗവൺമെന്റ് സെൻട്രൽ ഹൈസ്കൂൾ സ്കൂൾ കെട്ടിടം തകർന്ന് വീണതിൽ മേയർ വിവി രാജേഷിന് മറുപടിയുമായി മുൻമന്ത്രി വി ശിവൻ‌കുട്ടി. മേയർ വസ്‌തുതയറിയാതെ സംസാരിക്കുകയാണെന്നും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും വി ശിവൻകുട്ടി.വി വി രാജേഷ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഈ കെട്ടിടത്തെക്കുറിച്ച് പരാതിയൊന്നും കിട്ടിയില്ല. അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകേണ്ട ഉത്തരവാദിത്തം കോർപ്പറേഷനാണുള്ളതെന്ന് വി ശിവൻകുട്ടി പറഞ്ഞു. 14 ലക്ഷം രൂപ മുടക്കി മെയിന്റനൻസ് നട‍ത്തിയിരുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായിരുന്നു അത് ചെയ്തിരുന്നത്. കെട്ടിടം പൊളിഞ്ഞ് വീണത് ഗൗരവമായ വിഷയമാണെന്ന് അദേഹം പറഞ്ഞു.

 

കെട്ടിടം അൺഫിറ്റാണോയെന്ന് പറയേണ്ടത് കോർപ്പറേഷനാണ്. അൺഫിറ്റ് സർട്ടിഫിക്കറ്റ് കോർപ്പറേഷൻ കൊടുത്തിട്ടുണ്ടോയെന്ന് വ്യക്തമാക്കേണ്ടത് അവരാണ്. അപകടകരമായ എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷമേ സർട്ടിഫിക്കറ്റ് നൽകാൻ കഴിയൂ. കെട്ടിടം പൊളിച്ചുനീക്കേണ്ട ഉത്തരവാദിത്തം കോർപ്പറേഷനാണ്. താൻ മന്ത്രിയായിരുന്ന കാലത്ത് കെട്ടിടത്തിന്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.കെട്ടിടം തകർന്ന് വീണതിൽ സമഗ്രമായ അന്വേഷണം വേണമെന്ന് വി ശിവൻകുട്ടി ആവശ്യപ്പെട്ടു. കാലാഹരണപ്പെട്ട കെട്ടിടം കഴിഞ്ഞ വർഷം ജൂലൈയിൽ മൂന്ന് കോടി രൂപ മുടക്കി നവീകരിച്ചതാണെന്നും സംഭവത്തിൽ വി ശിവൻകുട്ടി മറുപടി പറയണമെന്നും മേയർ വിവി രാജേഷ് ആവശ്യപ്പെട്ടിരുന്നു. അശാസ്ത്രീയ നിർമ്മാണത്തെപ്പറ്റിയും പണം ചിലവഴിച്ചതിനെപ്പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്നും മേയർ ആവശ്യപ്പെട്ടിരുന്നു.