ഒന്നര വയസുകാരന്റെ കൊലപാതകം; പെറ്റമ്മയ്ക്ക് എങ്ങനെ കൂട്ടുനിൽക്കാനായി? പഴുതടച്ച് അന്വേഷിക്കും: മന്ത്രി ബിന്ദു

 

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം ഹൃദയഭേദകമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. മന:സാക്ഷിയുള്ള മുഴുവന്‍ പേരും മരവിച്ചിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.പെറ്റമ്മയ്ക്ക് എങ്ങനെ ഈ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കാന്‍ കഴിയുന്നു എന്നതാണ് ചോദ്യം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സംഭവത്തില്‍ പഴുതടച്ച് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയെന്നും അവര്‍ പറഞ്ഞു. കുഞ്ഞുങ്ങള്‍ക്കെതിരെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളാണ്. ഇത്തരം അമ്മമാരുടെ കയ്യില്‍ നിന്ന് കുട്ടികളെ നേരത്തെ മോചിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.ആര്‍ത്തവ അവധി സംബന്ധിച്ചും മന്ത്രി പ്രതികരിച്ചു. കേരളത്തിലെ പെണ്‍കുട്ടികള്‍ എന്ത് ആഗ്രഹിക്കുന്നുവോ അതാണ് സര്‍ക്കാര്‍ നിലപാട്. സര്‍ക്കാര്‍ പ്രഖ്യാപിച്ചത് നയമാണ്. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച ഉണ്ടാകും. പുതിയ തലമുറക്ക് എല്ലാ കാര്യങ്ങളെക്കുറിച്ചും ബോധ്യമുണ്ട്. പരിഹസിക്കപ്പെടേണ്ടതോ മാറ്റിനിര്‍ത്തപ്പെടെണ്ടതോ ആയ കാര്യമല്ല ആര്‍ത്തവമെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.അതേസമയം, നെടുമങ്ങാട് ഒന്നര വയസുകാരനെ പ്രതി അഷ്‌കര്‍ മര്‍ദ്ദിച്ചത് അഖിലയുടെ അറിവോടെയെന്ന് അമ്മ റീന പറഞ്ഞു. കുഞ്ഞിന്റെ രണ്ട് കൈകള്‍ ഒടിഞ്ഞ നിലയില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് കണ്ടിരുന്നു. വീണതാണെന്ന് പറഞ്ഞെങ്കിലും ശരീരത്തില്‍ മറ്റ് മുറിവുകള്‍ കണ്ടതോടെ സംശയം തോന്നി. അവളും ഒരു അമ്മയല്ലേ?. അവള്‍ എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ കൂട്ടുനിന്നതെന്നും അമ്മ റീന ചോദിച്ചു. അവളുടെ അമ്മയെന്ന് പറയാന്‍ തന്നെ അറപ്പും വെറുപ്പുമാണെന്നും അമ്മ പറഞ്ഞു. അഖിലയ്ക്ക് വേണ്ടി ആരും കോടതിയില്‍ പോകില്ല, ജാമ്യത്തിന് ശ്രമിക്കില്ലെന്നും അമ്മ വ്യക്തമാക്കി.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മ അഖില നൃത്തപരിപാടിക്കായി തമിഴ്‌നാട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്ന് അഖില സമ്മതിച്ചിരുന്നു.

 

പിന്നീട്, കുഞ്ഞിനെ കൊലപ്പെടുത്തിയതായി അഷ്‌കറും കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ മൊഴിയുടെയും കുഞ്ഞിന്റെ ശരീരത്തിലേറ്റ മുറിവുകളുടെയും അടിസ്ഥാനത്തില്‍ ദീര്‍ഘനാളായി ഇയാള്‍ കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. കുഞ്ഞിന്റെ കൈകള്‍ ഒടിഞ്ഞത് പ്രതിയുടെ ആക്രമണത്തില്‍ ആണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കൊലപാതകത്തില്‍ അമ്മ അഖിലയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.