തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റ വസതിയില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നാല് പ്രതികള്‍ കസ്റ്റഡിയിലെന്ന് പൊലീസ്. ഡിവൈഎഫ്ഐ നേമം ഏരിയ സെക്രട്ടറി ശ്രീജിത്ത് അടക്കം നാല് പേരെയാണ് പിടികൂടിയിരിക്കുന്നത്. ശ്രീജിത്തിന് പുറമേ മനോജ്, ജീവന്, ഷാഹിന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. നാല് പേര്‍ക്കും ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.ഇ ഡി വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കെ കാര്‍ത്തികേയന്റെ നേതൃത്വത്തില്‍ അറസ്റ്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനിടെ പ്രതികള്‍ പാളയം ഏരിയ കമ്മിറ്റി ഓഫീസില്‍ അഭയം തേടി. തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നില്‍ തമ്പടിച്ചു. തൊട്ടുപിന്നാലെ മുതിര്‍ന്ന നേതാക്കളായ വി ജോയ്, വി ശിവന്‍കുട്ടി, ജോണ്‍ ബ്രിട്ടാസ് എംപി, വി കെ പ്രശാന്ത് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. പ്രതികള്‍ ഏരിയ കമ്മിറ്റി ഓഫീലില്‍ ഇല്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്. ഈ സമയം പത്ത് പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് സിപിഐഎം നേതാക്കള്‍ക്ക് കൈമാറി. പ്രതികളെ പിടികൂടാനായി പാര്‍ട്ടി ഓഫീസിലേക്ക് കയറുമെന്നും നടപടി സ്വീകരിക്കാന്‍ ഡിജിപിയുടെ നിര്‍ദേശമുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൊലീസിനെ പാര്‍ട്ടി ഓഫീസില്‍ കയറാന്‍ സമ്മതിക്കില്ലെന്ന നിലപാടാണ് വി ശിവന്‍കുട്ടി സ്വീകരിച്ചത്. എന്നാല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന നിലപാടില്‍ പൊലീസ് ഉറച്ചു നിന്നു. ഇതിന് പിന്നാലെയായിരുന്നു ശ്രീജിത്തിന്റെ അറസ്റ്റ്.ബേക്കറി ജങ്ഷനില്‍വെച്ചാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസിന്റേതായിരുന്നു നടപടി. ശ്രീജിത്തിനെ നന്ദാവനം എആര്‍ ക്യാമ്പിലേക്ക് മാറ്റി. അതിനിടെ സംഭവത്തില്‍ വധശ്രമത്തിന് പൊലീസ് കേസെടുത്തു. മാരകായുധങ്ങളുമായി ആക്രമിച്ചെന്ന ഇ ഡി ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൂടുതല്‍ വകുപ്പുകളും ചുമത്തും. സംഭവത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിയോടാണ് ഗവര്‍ണര്‍ വിവരങ്ങള്‍ തേടിയത്. ഫോണില്‍ ഡിജിപി വിവരങ്ങള്‍ ധരിപ്പിച്ചു. നടന്ന സംഭവങ്ങള്‍ ഡിജിപി വിവരിക്കുകയും ചെയ്തിട്ടുണ്ട്.







