തിരുവനന്തപുരം: സുപ്രധാന വകുപ്പുകൾ മുസ്‌ലിം ലീഗിന് കൈമാറിയതിൽ കോൺഗ്രസിൽ അതൃപ്തി. കോൺഗ്രസ് ദീർഘകാലമായി കൈവശം വെയ്ക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ കൈമാറിയതിലാണ് അതൃപ്തി. കോൺഗ്രസിൽ ഉയർന്ന കടുത്ത എതിർപ്പ് അവഗണിച്ചാണ് ഈ രണ്ട് വകുപ്പുകളും മുസ്‌ലിം ലീഗിന് കൈമാറിയത്.
നേരത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പും ഫിഷറീസ് വകുപ്പും പരസ്പരം കൈമാറുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന ആശയക്കുഴപ്പം യുഡിഎഫിൻ്റെ വകുപ്പ് വിഭജനത്തിൽ കീറാമുട്ടിയായിരുന്നു. ഫിഷറീസ് വകുപ്പ് കോൺഗ്രസ് കൈവശം വെയ്ക്കണമെന്ന ആവശ്യവുമായി ലത്തീൻസഭ രംഗത്ത് വന്നതും വിഷയം സങ്കീർണ്ണമാക്കിയിരുന്നു. ഫിഷറീസ് വിട്ടു നൽകിയില്ലെങ്കിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് തരാനാകില്ലെന്ന നിലപാട് ലീഗും സ്വീകരിച്ചിരുന്നു.മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തിട്ടും വകുപ്പ് വിഭജനം പൂർത്തിയാകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി ഇടപെട്ടാണ് പ്രശ്നപരിഹാരം ഉണ്ടാക്കിയത്. ഫിഷറീസ് വകുപ്പ് മുസ്‌ലിം ലീഗിന് വിട്ട് കൊടുത്ത് പ്രശ്നം പരിഹരിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനം. പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകാൻ കഴിയുന്ന ഫിഷറീസ് വകുപ്പ് വിട്ടുകൊടുത്തതിൽ കോൺഗ്രസ് മന്ത്രിമാർ അസംതൃപ്തരാണ്. വലിയ രീതിയിൽ കേന്ദ്ര സഹായം ലഭിക്കുന്ന ഫിഷറീസ്, ഗ്രാമ വികസന വകുപ്പുകൾ വിട്ട് നൽകേണ്ടതില്ലായിരുന്നു എന്ന അഭിപ്രായമാണ് കോൺഗ്രസിൽ ഉയരുന്നത്.







