ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പി എയുടെ കൊലപാതകത്തിൽ മൂന്ന് പ്രതികൾ പൊലീസ് പിടിയിലായി. വിശാൽ ശ്രീവാസ്തവ, മായംഗ് മിശ്ര, രാജ്സിംഗ് എന്നിവരാണ് പിടിയിലായത്. മൂവരും വാടക കൊലയാളികളാണ്. ബംഗാൾ, ഉത്തർപ്രദേശ്, ബിഹാർ പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് പ്രതികൾ വലയിൽ ആയത്.
വിശാൽ ബിഹാർ സ്വദേശിയും മറ്റു രണ്ടു പേർ ഉത്തർപ്രദേശ് സ്വദേശികളുമാണ്. കൊലപാതക ശേഷം കടന്നു കളയാൻ ശ്രമിക്കവേ കൊൽക്കത്തയിലെ ഒരു ടോൾ ബൂത്തിൽ പ്രതികൾ യുപിഐ ഉപയോഗിച്ച് പണം നൽകിയതാണ് നിർണായകമായത് . ഇതിലൂടെ പ്രതികളുടെ സഞ്ചാരത്തെക്കുറിച്ച് പൊലീസിന് കൂടുതൽ വ്യക്തത ലഭിച്ചു. മോഷ്ടിച്ച കാറും 2 ബൈക്കുകളിലുമാണ് പ്രതികൾ എത്തിയത് . വ്യാജ നമ്പർ പ്ലേറ്റുകളായിരുന്നു വാഹനങ്ങളിൽ ഉണ്ടായിരുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാമിലുള്ള വസതിക്ക് സമീപമാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് മരിച്ചത്. ഇയാൾ സഞ്ചരിച്ച എസ്.യു.വി തടഞ്ഞുനിർത്തിയ അക്രമികൾ പോയിന്റ് ബ്ലാങ്കിൽ വെടിയുതിർക്കുകയായിരുന്നു. വാഹനത്തിന്റെ മുൻസീറ്റിലാണ് ചന്ദ്രനാഥ് ഇരിക്കുന്നതെന്ന് അക്രമികൾക്ക് കൃത്യമായി അറിയാമായിരുന്നു.








