Headlines

ഹാന്റവൈറസ് ബാധ: ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു

 

ഹാന്റവൈറസ് ബാധിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. മൊറോക്കൻ തീരത്തിന് സമീപത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. യാത്രക്കാരിൽ രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുറത്തെത്തിക്കുന്ന യാത്രക്കാരെ ദ്വീപിലെ വിമാനത്താവളത്തിലേക്ക് സീൽ ചെയ്ത ബസുകളിൽ മാറ്റും.

 

 

തുടർന്ന് യാത്രക്കാരെ അവരവരുടെ രാജ്യത്തേക്ക് വിമാനങ്ങളിൽ കൊണ്ടുപോകും. വിമാനത്തിലുണ്ടായിരുന്ന 22 ബ്രിട്ടീഷ് യാത്രക്കാരെയും ഇന്ന് തന്നെ തിരികെ യുകെയിലേക്ക് കൊണ്ടുപോകും. അതേസമയം യാത്രക്കാർ 72 മണിക്കൂർ ഐസൊലേഷനിൽ തുടരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദേശം. അതിനിടെ കപ്പൽ നങ്കൂരമിട്ടിരിക്കുന്ന ടെനറൈഫ് ദ്വീപിൽ ജനങ്ങൾ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. കപ്പലിലുള്ളവരെ ദ്വീപിൽ ഇറക്കുന്നതിനെതിരെയാണ് പ്രതിഷേധം.വൈറസ് ബാധയെ തുടർന്ന് ഇതുവരെ മൂന്നു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 149 അംഗ ക്രൂസ് സംഘത്തിൽ ഇന്ത്യയടക്കം 23 രാജ്യക്കാരാണ് ഉള്ളത്. ഹാന്റ വൈറസിന്റെ ആൻഡീസ് സ്‌ട്രെയിൻ ആണ് കപ്പലിൽ സ്ഥിരീകരിച്ചത്. എലികളുടെ ഉണങ്ങിയ കാഷ്ഠത്തിൽ നിന്നും മൂത്രത്തിൽ നിന്നുമുള്ള പൊടി വായുവിലൂടെ എത്തിയാണ് മനുഷ്യരിലേക്ക് ഹാന്റ വൈറസ് പകരുന്നത്.