Headlines

ആ ആറ് ഇരകളില്‍ ഒരാള്‍ ഞാനാണ്! ബ്രിജ് ഭൂഷണെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ ചീഫും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണെതിരേ നിര്‍ണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി നല്‍കിയ ആറു ഗുസ്തി താരങ്ങളില്‍ ഒരാള്‍ താനാണെന്ന് അവര്‍ നേരിട്ട് വെളിപ്പെടുത്തുകയായിരുന്നു. മത്സര രംഗത്തേക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് എക്സില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയുള്ള വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.

‘ചില സാഹചര്യങ്ങള്‍ കാരണം എനിക്ക് നിങ്ങളോട് കുറച്ചു കാര്യങ്ങള്‍ പറയണമെന്നുണ്ട്. കേസ് കോടതിയില്‍ നില്‍ക്കുന്നതിനാല്‍ സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. എന്നാല്‍ പരാതി നല്‍കിയ ആറ് ഇരകളില്‍ ഒരാള്‍ ഞാനാണെന്നും ഞങ്ങളുടെ സാക്ഷിമൊഴികള്‍ ഇപ്പോഴും തുടരുകയാണെന്നും പറയാന്‍ ആഗ്രഹിക്കുന്നു.’- വിനേഷ് പറഞ്ഞു.

മെയ് 10 മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടക്കാനിരിക്കുന്ന നാഷണല്‍ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വെളിപ്പെടുത്തല്‍. 2024 പാരിസ് ഒളിമ്പിക്‌സിന് ശേഷമുള്ള അവരുടെ ആദ്യ മത്സരമാണിത്. കൂടാതെ 57 കിലോഗ്രാം വിഭാഗത്തിലുള്ള അവരുടെ അരങ്ങേറ്റം കൂടിയാണിത്. 2026-ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്കുള്ള യോഗ്യത നേടുന്നതിലെ നിര്‍ണായക ഘട്ടം കൂടിയാണ് ഈ ടൂര്‍ണമെന്റ്.
സഹോദരിയും മാനസികമായി പീഡിപ്പിച്ചു! ഡല്‍ഹിയിലെ യുവ ജഡ്ജിയുടെ മരണത്തില്‍ പരാതിയുമായി പിതാവ്

‘ഗോണ്ടയിലെ ഗുണ്ട’

2023-ല്‍ ജന്തര്‍ മന്തറില്‍ റെസിലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ മുന്‍ മേധാവിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ മുന്‍നിര പോരാളിയായിരുന്നു വിനേഷ്. ബ്രിജ് ഭൂഷണ്‍ സിംഗിന് ശക്തമായ സ്വാധീനമുള്ള ഗോണ്ടയില്‍ മത്സരിക്കുന്നതിലെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ചും അവര്‍ ആശങ്ക പ്രകടിപ്പിച്ചു.

‘ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്കും കോളജിലേക്കും മത്സരിക്കാന്‍ പോകുന്നത് സങ്കല്‍പിച്ചു നോക്കൂ. അവിടെയുള്ള ഓരോ വ്യക്തിയും അദ്ദേഹവുമായി ബന്ധമുള്ളവരായിരിക്കും. ഓരോരുത്തരും അദ്ദേഹത്തെ പ്രതിനിധീകരിക്കുന്നവരായിരിക്കും. അത്തരമൊരു പ്രയാസകരമായ സാഹചര്യത്തില്‍ അത് കായികതാരങ്ങളെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കും.’ – വിനേഷ് പറഞ്ഞു.

‘ഞങ്ങളുടെ ടീമും രാജ്യം മുഴുവനും ഞങ്ങള്‍ നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ അവിടെ എനിക്ക് 100 ശതമാനം കഴിവും പുറത്തെടുക്കാന്‍ കഴിയുമെന്ന് കരുതുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിക്ക് മത്സരിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

സിംഗിന്റെ പരസ്യ പ്രസ്താവനകളെയും സ്വാധീനത്തെയും പരാമര്‍ശിച്ചുകൊണ്ട്, അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതിനെ വിനേഷ് വീണ്ടും ചോദ്യം ചെയ്തു. ‘താനാണ് ഇപ്പോഴും ഗുസ്തി ഫെഡറേഷന്‍ നടത്തുന്നതെന്ന് ബ്രിജ് ഭൂഷണ്‍ പറയുന്നു. രാജ്യം മുഴുവന്‍ കേള്‍ക്കെയാണ് അദ്ദേഹം ഇത് പറയുന്നത്. എന്നിട്ടും കായിക മന്ത്രാലയമോ സര്‍ക്കാരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.’ അവര്‍ പറഞ്ഞു.

‘ഞാന്‍ ആ മത്സരത്തിന് പോകുമ്പോള്‍ എന്റെ ടീം ഒപ്പമുണ്ടാകും. എന്റെ സുഹൃത്തുക്കളും കൂടെയുണ്ടാകും. ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കും. താന്‍ ഒരാളെ കൊന്നിട്ടുണ്ടെന്ന് ബ്രിജ് ഭൂഷണ്‍ തന്നെ ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തിന് ശിക്ഷ ലഭിച്ചില്ല. അപ്പോള്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ആര്‍ക്കും എന്തുവേണമെങ്കിലും സംഭവിക്കാം,’ വിനേഷ് ആശങ്ക പങ്കുവെച്ചു.

‘എനിക്ക് പ്രത്യേക ആനുകൂല്യങ്ങളോ പരിഗണനയോ വേണ്ട. ഓരോ അത്ലറ്റിന്റെയും കഠിനാധ്വാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം മാറ്റിലെ തീരുമാനം, അല്ലാതെ ഏതെങ്കിലും ഗുണ്ടയുടെ ഇഷ്ടത്തിനനുസരിച്ചാവരുത്.’ അവര്‍ വ്യക്തമാക്കി. ടൂര്‍ണമെന്റ് സമയത്ത് കായിക ലോകവും മാധ്യമങ്ങളും സജീവമായി ശ്രദ്ധിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഗുസ്തി താരങ്ങളില്‍ ഒരാളായ വിനേഷ് ഫോഗട്ട്, 2018 ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 53 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്. 2024 പാരിസ് ഒളിമ്പിക്‌സില്‍ ഭാരക്കൂടുതല്‍ മൂലം സ്വര്‍ണ്ണ മെഡല്‍ പോരാട്ടത്തില്‍ നിന്ന് അയോഗ്യയാക്കപ്പെട്ടതിനെത്തുടര്‍ന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും, ഡിസംബറില്‍ ആ തീരുമാനം പിന്‍വലിച്ചു. 2028-ലെ ലോസ് ഏഞ്ചല്‍സ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ് 31-കാരിയായ വിനേഷ് കരിയര്‍ തുടരുന്നത്.