ഇറ്റലിയിൽ നിന്നും സ്പെയിനിൽ നിന്നും സൈന്യത്തെ പിൻവലിക്കുമെന്ന് ട്രംപിന്റെ ഭീഷണി. നേരത്തെ ജർമ്മനിയിൽ വിന്യസിച്ച യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് തുറക്കാൻ നാറ്റോ സഖ്യകക്ഷികൾ നാവികസേനയെ അയയ്ക്കാത്തതിനെയും ട്രംപ് രൂക്ഷമായി വിമർശിച്ചിരുന്നു. യുഎസ് വിമാനങ്ങൾക്ക് സിസിലിയിലെ വ്യോമതാവളം ഉപയോഗിക്കാൻ ഇറ്റലി വിസമ്മതിച്ചതും ട്രംപിനെ പ്രകോപിപ്പിച്ചു.
അതേസമയം ഇറാനെതിരെ വീണ്ടും ആക്രമണത്തിന് അമേരിക്കയും ഇസ്രയേലും തയ്യാറെടുക്കുന്നെന്ന് അഭ്യൂഹം. യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം. നാവിക ഉപരോധം തുടരുന്നത് ക്ഷമിക്കാനാവില്ലെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു. ഇറാനെതിരെ സ്വീകരിക്കാവുന്ന തുടർ സൈനിക നടപടികളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ യു എസ് സെൻട്രൽ കമാൻഡ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറി.ഇറാനുമായുള്ള യുദ്ധം പുനരാരംഭിക്കേണ്ടി വന്നേക്കുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെ, തുടർ നടപടികൾ സ്വീകരിക്കേണ്ടി വന്നേക്കുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാട്‌സും ആവർത്തിച്ചത് പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്. യുദ്ധം അമേരിക്ക പുനരാരംഭിക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങളെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജ്ജമാക്കിയതായി റിപ്പോർട്ടുകളുണ്ട്.








