Headlines

ദിവസവും ഒരു മണിക്കൂര്‍ ഓഫീസ് പിക്നിക്! ടീം വളര്‍ത്താന്‍ വേറിട്ട കൂട്ടായ്മ വൈറല്‍

ജോലി തിരക്കുകള്‍ക്കും ഡെഡ് ലൈനുകള്‍ക്കിടയിലും ഇടയില്‍പ്പെട്ട് സമ്മര്‍ദം താങ്ങാനാകുന്നില്ലേ? എങ്കില്‍ ഓഫീസില്‍ തന്നെ ദിവസവും ഒരു പിക്നിക് സംഘടിപ്പിച്ചാലോ? ഓഫീസില്‍ ‘1 മണിക്കൂര്‍ പിക്നിക്’ എന്ന വേറിട്ട രീതി നടപ്പിലാക്കിയ ഒരു ഇന്ത്യന്‍ സംരംഭക സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. (Entrepreneur Makes Daily 1-Hour Office Picnic Mandatory, rule viral in social media)

‘കെകെ ക്രിയേറ്റ്’ സ്ഥാപകയായ കാവ്യ കര്‍ണാടക് ആണ് തന്റെ ടീമിന്റെ മാനസിക ഉല്ലാസത്തിനായി ഇത്തരമൊരു രീതി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണിക്ക് തന്റെ 40 അംഗങ്ങളുള്ള ടീം മുഴുവന്‍ ജോലി നിര്‍ത്തിവെച്ച് ഒന്നിച്ച് ഭക്ഷണം കഴിക്കുമെന്നും, ഇത് കമ്പനിയിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ഒരുമ വളര്‍ത്താന്‍ സഹായിക്കുന്നുവെന്നും അവര്‍ ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചു.

‘എല്ലാ ദിവസവും ഞങ്ങളുടെ ഓഫീസില്‍ 1 മണിക്കൂര്‍ പിക്നിക് ഉണ്ടാകും! അതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന, ഡെഡ്‌ലൈനുകളുടെയും തിരക്കുകളുടെയും ഇടയിലുള്ള 40 പേരാണ് ഞങ്ങള്‍. എന്നാല്‍ ക്ലോക്കില്‍ 2 അടിക്കുമ്പോള്‍ എല്ലാം മാറുന്നു, എല്ലാവരും ഹാളില്‍ ഒത്തുചേരുന്നു.’ കാവ്യ കുറിച്ചു.

ഭക്ഷണസമയത്തെ വേറിട്ട ക്രമീകരണങ്ങളും ശ്രദ്ധേയമാണ്. ‘ഔദ്യോഗികമായ ഇരിപ്പിടങ്ങള്‍ ഒന്നുമില്ലാതെ തന്നെ ജീവനക്കാര്‍ പരസ്പരം ഇടം കണ്ടെത്തുന്നു. കസേരകള്‍ അങ്ങുമിങ്ങും വലിച്ചിടും. ചിലര്‍ നില്‍ക്കുന്നു, ചിലര്‍ ഇടുങ്ങിയ ഇടങ്ങളില്‍ ഇരിക്കുന്നു. കാരണം, കെകെ ക്രിയേറ്റില്‍ ആരും ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുന്നില്ല. അവിടെ തട്ടുകളോ പദവികളോ ഇല്ല. മാനേജര്‍മാരും പുതുതായി ചേര്‍ന്നവരും എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു.’മാനേജര്‍മാരാണ് പലപ്പോഴും ഈ ലഞ്ച് ബ്രേക്കിന് മുന്‍കൈ എടുക്കുന്നതെന്നും, ഡെസ്‌കുകളില്‍ നിന്ന് മാറി എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കാന്‍ ടീമിനെ പ്രോത്സാഹിപ്പിക്കാറുണ്ടെന്നും കാവ്യ വ്യക്തമാക്കി. ‘ഇത് ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കും, ചിലപ്പോള്‍ അതില്‍ കൂടുതലും. ആരെങ്കിലും വീട്ടിലുണ്ടാക്കിയ ഭക്ഷണം പങ്കുവെക്കും, ചിലര്‍ തമാശകള്‍ പറയും, മറ്റു ചിലര്‍ കളികളില്‍ ഏര്‍പ്പെടും. എല്ലാ ദിവസവും ഒരു പാര്‍ട്ടി പോലെയാണ് തോന്നാറുള്ളത്.’ അവര്‍ പറഞ്ഞു.

‘ഇത്തരമൊരു സംസ്‌കാരം വിരളമാണ്. സത്യം പറഞ്ഞാല്‍, ചില ദിവസങ്ങളില്‍ ഇതൊരു ഓഫീസാണെന്ന് പോലും തോന്നാറില്ല. ഒരു കുടുംബം ഒന്നിച്ച് ഭക്ഷണത്തിനിരിക്കുന്നത് പോലെയാണ് അനുഭവപ്പെടാറുള്ളത്. ഈ 60 മിനിറ്റുകള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്, ജോലിക്കപ്പുറമുള്ള ബന്ധങ്ങളാണ് ഒരു ടീമിനെ യഥാര്‍ത്ഥത്തില്‍ കെട്ടിപ്പടുക്കുന്നത് എന്നാണ്.’- കാവ്യ കുറിക്കുന്നു.

സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍

പോസ്റ്റ് വൈറലായതോടെ, തൊഴിലിടങ്ങളില്‍ ഇത്തരം ഒത്തൊരുമയും ടീം വര്‍ക്കും വളര്‍ത്തുന്ന കാവ്യയുടെ നയത്തെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി.

‘പദവികള്‍ക്ക് അപ്പുറം ടീമിനെ വളര്‍ത്തുന്ന തൊഴില്‍ സംസ്‌കാരമാണിത്. മീറ്റിംഗ് റൂമുകളില്‍ ലഭിക്കാത്ത വിശ്വാസവും ആത്മബന്ധവും ചിരിയും ഇത്തരം ഒത്തുചേരലുകളിലൂടെ ലഭിക്കുന്നു,’ എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.

മറ്റൊരു ഉപയോക്താവ് കുറിച്ചത് ഇങ്ങനെയാണ്: ‘ചിലര്‍ക്ക് ആ ഒരു മണിക്കൂര്‍ എന്നത് ശാന്തമായി ഇരിക്കാനോ ഗൗരവകരമായ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനോ ഉള്ള സമയമായിരിക്കാം. നല്ല സംസ്‌കാരങ്ങള്‍ ഒത്തുചേരലിനൊപ്പം തന്നെ ഓരോ വ്യക്തിയുടെയും താല്പര്യങ്ങള്‍ക്കും ഇടം നല്‍കേണ്ടതുണ്ട്.’

‘ഇതൊരു മനോഹരമായ സംസ്‌കാരമാണ്! പരസ്പര ബഹുമാനവും പിന്തുണ നല്‍കുന്ന നേതാക്കളും ഉള്ളപ്പോള്‍ ഇത്തരം നിമിഷങ്ങള്‍ സാധ്യമാണ്,’ എന്നായിരുന്നു വേറൊരാളുടെ കമന്റ്. ‘സംസ്‌കാരം എന്നത് മീറ്റിംഗുകളിലൂടെയോ പോളിസികളിലൂടെയോ ഉണ്ടാകുന്നതല്ല. ഇതുപോലുള്ള ചെറിയ ദൈനംദിന ശീലങ്ങളിലൂടെയാണ് അത് പ്രകടമാകുന്നത്. പല കമ്പനികളും ഉല്‍പ്പാദനക്ഷമതയ്ക്ക് പിന്നാലെ പോകുമ്പോള്‍, അത് നിലനിര്‍ത്തുന്നത് ഇത്തരം ബന്ധങ്ങളാണെന്ന് മറക്കുന്നു. ആളുകള്‍ പരസ്പരം ഇഷ്ടപ്പെടുമ്പോള്‍ സഹകരണം സ്വാഭാവികമായി സംഭവിക്കുന്നു- എന്നും സോഷ്യല്‍ മീഡിയ പറയുന്നു.