Headlines

കാലടി സർവകലാശാലയിലെ ഗവർണറുടെ പരിപാടി; വിവാദ സർക്കുലർ പിൻവലിച്ചു

ഗവർണറുടെ പരിപാടിക്ക് വേണ്ടി ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും
എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണമെന്നുമടക്കമുള്ള വിവിധ നിർദേശങ്ങളാണ് സർക്കുലറിലുണ്ടായിരുന്നത്. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സർക്കുലറാണ് പിൻവലിച്ചത്.

ശ്രീ ശങ്കര ജയന്തിയുടെ ഭാഗമായി 21ന് രാവിലെയാണ് ഗവർണർ സർവകലാശാലയിൽ എത്തുക. ഇതിന് മുന്നോടിയായാണ് സർ‌വകലാശാല കർശന നിർദേശങ്ങൾ പുറത്തിറക്കിയത്. ഗവർണർ എത്തുമ്പോഴും മടങ്ങുമ്പോഴും എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നായിരുന്നു സർവകലാശാല ഇറക്കിയ സർക്കുലർ.

മൊബൈൽ ഫോണുകൾ സൈലന്റ് മോഡിലാക്കണം. പ്രസംഗം അവസാനിക്കുമ്പോൾ കയ്യടിക്കണമെന്നും സർക്കുലറിലുണ്ട്. പ്രസംഗത്തിനിടെ അനാവശ്യ ചലനങ്ങൾ ഒഴിവാക്കണമെന്നും ഗവർണർ മടങ്ങും വരെ ആരും ഹാൾ വിട്ടു പുറത്ത് പോകരുതെന്നും സർവകലാശാല ഇറക്കിയ പ്രത്യേക സർക്കുലറിൽ നിർദേശമുണ്ടായിരുന്നു.