ഒരിക്കല്‍ അഭിമുഖത്തിനിടെ ആശാ ഭോസ്ലെ ഇങ്ങനെ പറഞ്ഞു – സംഗീതം എനിക്ക് ശ്വാസോച്ഛ്വാസം പോലെയാണ്. എന്റെ സംഗീതം നിലയ്ക്കണമെങ്കില്‍ എന്റെ ശ്വാസം കൂടി നിലയ്ക്കണം. ഇനിയും ഒരുപാട് ചെയ്തു തീര്‍ക്കാനുണ്ട്. പക്ഷേ വളരെ കുറച്ചു സമയമേ ബാക്കിയുള്ളൂ എന്നു തോന്നുന്നു. കാലം കടന്നുപോയാലും നായികമാര്‍ മാറി മാറി വന്നാലും ആര്‍ക്കും വഴിമാറാതെ പാടിക്കൊണ്ടേയിരിക്കുക എന്നതാണ് മോഹം – ആ സംഗീതസപര്യയ്ക്കാണ് ഇന്ന് അന്ത്യമായിരിക്കുന്നത്. (Asha Bhosle, who loves music as her life)
12,000ത്തിലധികം ഗാനങ്ങളാണ് ആശാ ഭോസ്ലെ തന്റെ കരിയറില്‍ പാടിയത്. ഒരിക്കലും പ്രായമാവാത്ത ശബ്ദം, അതിനേക്കാളേറെ കാലത്തെ അതീജീവിക്കുന്ന ആലാപന സൗകുമാര്യം. പോപ്പും ഗസലും ഭജനുകളും ക്ലാസിക്കല്‍ സംഗീതവും നാടന്‍ പാട്ടുകളും ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്ത, ഇന്ത്യക്കാരുടെ സ്വന്തം ആശാജി.ശബ്ദ മാധുര്യം കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായികയായിരുന്നു ആശാ ഭോസ്ലെ. ആസ്വാദക മനസുകളില്‍ മായാത്ത നിരവധി ഗാനങ്ങള്‍ സമ്മാനിച്ചാണ് ആശാ ഭോസ്ലെ യാത്രയായത്. ആലാപന സൗകുമാര്യം കൊണ്ടും വശ്യമായ ആലാപന രീതി കൊണ്ടും ഇന്ത്യന്‍ സിനിമാ ലോകം കീഴടക്കിയ ഗായിക കൂടിയായിരുന്നു ആശാ ഭോസ്ലെ.
2000ത്തില്‍ ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടി. 2008ല്‍ പത്മവിഭൂഷണ്‍ നല്കി രാജ്യം ആശാ ഭോസ്ലെയെ ആദരിച്ചു.






