നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമഒലി അറസ്റ്റിൽ. ജെൻ സി പ്രക്ഷോഭങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. മുൻ ആഭ്യന്തര മന്ത്രി രമേശ് ലേഖാകും അറസ്റ്റിലായി. ഇരുവരേയും കാഠ്മണ്ഡുവിലെ ജില്ലാ പൊലീസ് റേഞ്ചിൽ എത്തിച്ചു. നേപ്പാളിൽ ബലേന്ദ്ര ഷായുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിന് വന്നതിന് പിന്നാലെയാണ് നടപടി. വീട്ടിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിൽ എടുത്തത്.(Ex-Nepal PM KP Sharma Oli Arrested Over Last Year’s Gen Z Protests)പ്രത്യേക കോടതി ജഡ്ജി ഗൗരി ബഹാദൂർ കാർക്കിയുടെ നേതൃത്വത്തിലുള്ള കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കുന്നതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് പൊലീസ്. ഒലിയുടെ അറസ്റ്റിന് മിനിറ്റുകൾക്ക് പിന്നാലെ പുതുതായി നിയമിതനായ ആഭ്യന്തര മന്ത്രി സുഡാൻ ഗുരുങ് ആരും നിയമത്തിന് അതീതരല്ല എന്ന് പ്രതികരിച്ചു. എന്നാൽ തന്റെ അറസ്റ്റിനെ പ്രതികാര നടപടിയെന്നാണ് ഒലി പറഞ്ഞത്. നിയമ പോരാട്ടം നടത്തുമെന്നും അദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ വർഷം സെപ്റ്റംബർ 8, 9 തീയതികളിൽ നടന്ന അഴിമതി വിരുദ്ധ യുവജന പ്രക്ഷോഭത്തിൽ 19 യുവാക്കളുൾപ്പെടെ 70-ലധികം പേർ കൊല്ലപ്പെട്ടു. സോഷ്യൽ മീഡിയ നിരോധനത്തെ തുടർന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമുണ്ടായ ദീർഘകാല പ്രതിഷേധത്തിന്റെ ഫലമാണിത്. പ്രക്ഷോഭത്തിനിടെ പാർലമെന്റും സർക്കാർ ഓഫീസുകളും അഗ്നിക്കിരയായിരുന്നു. പ്രതിഷേധം കനത്തതോടെ കെ പി ശർമ ഒലി പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുകയായിരുന്നു.
ജെൻ സി പ്രക്ഷോഭം: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ പി ശർമ ഒലി അറസ്റ്റിൽ






