Headlines

പശ്ചിമേഷ്യൻ സംഘർഷം; 60 ദിവസത്തെ എണ്ണ സ്റ്റോക്ക് രാജ്യത്തുണ്ട്, ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി

പശ്ചിമേഷൻ സംഘർഷങ്ങളെ തുടർന്നുള്ള പ്രതിസന്ധികളെ മറികടക്കാൻ ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നിർദേശം.വിലക്കയറ്റവും ചരക്ക് നീക്കവും ഇന്ധന വിതരണവും ഉൾപ്പടെ സംസ്ഥാനങ്ങൾ വിവിധ ആശങ്കകൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യോഗത്തിൽ പങ്കുവെച്ചു. ആഘാതത്തെ തരണം ചെയ്യാൻ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും, ഭാവി ആസൂത്രണവും പ്രധാനമന്ത്രി വിലയിരുത്തി. ടീം ഇന്ത്യ എന്ന സന്ദേശമാണ് മോദി ആവർത്തിച്ചത്. കേന്ദ്ര നടപടികൾ നടപ്പിലാക്കാനുള്ള നിർദേശങ്ങൾ പ്രധാനമന്ത്രി സംസ്ഥാനങ്ങൾക്ക് നൽകി. 60 ദിവസത്തെ എണ്ണ സ്റ്റോക്ക് രാജ്യത്ത് ഉണ്ട്. LPG ഉൽപാദനം 40 ശതമാനം വർധിപ്പിച്ചു. 50 ലക്ഷത്തിലധികം സിലിണ്ടറുകൾ ദിവസേന വിതരണം ചെയ്യുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാൻ നടപ്പാക്കുന്ന പദ്ധതികൾ സംസ്ഥാനങ്ങൾ കേന്ദ്രത്തിന് കൈമാറി.

ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് മറ്റൊരു യോഗവും കേന്ദ്രം നടത്തും. പശ്ചിമേഷൻ സംഘർഷത്തിന്റെ ഇന്ത്യയിലെ ആഘാതങ്ങൾ കുറയ്ക്കാനായി കേന്ദ്രം രൂപീകരിച്ച അന്തർ മന്ത്രാലയ സമിതിയിൽ അമിത് ഷാ, നിർമ്മലാ സീതാരാമൻ തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാർ എല്ലാവരും ഉണ്ട്. പ്രശ്നങ്ങൾ പഠിച്ച് സമിതി ശിപാർശകൾ സമർപ്പിക്കുകയും നിർദേശം പുറപ്പെടുവിക്കുകയും ചെയ്യും. അതേസമയം, പൊതുമേഖല എണ്ണ കമ്പനികൾ ഇന്ധനവില വർദ്ധിപ്പിക്കാതിരിക്കാൻ പ്രത്യേക അധിക എക്സൈസ് തീരുവ കേന്ദ്രം വെട്ടി കുറയ്ക്കുകയും ചെയ്തു.