വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിത്വം; കോണ്‍ഗ്രസില്‍ പ്രതിഷേധം; വൈശാഖ് നാരായണ സ്വാമിക്കെതിരെ പ്രവര്‍ത്തകര്‍

വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ കോണ്‍ഗ്രസില്‍ കലാപം. സ്ഥാനാര്‍ഥിയായി പാര്‍ട്ടി പരിഗണിക്കുന്ന വൈശാഖ് നാരായണ സ്വാമിക്കെതിരെ ഭൂരിഭാഗം പ്രവര്‍ത്തകരും രംഗത്തെത്തി. നിയോജകമണ്ഡലത്തിലെ മുഴുവന്‍ ഡിസിസി സെക്രട്ടറിമാരും ബ്ലോക്ക് പ്രസിഡണ്ടും നേതൃത്വത്തിന് വിയോജനക്കുറിപ്പ് അയച്ചു. പരാതിയുടെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.വെശാഖ് നാരായണ സ്വാമി സംഘടനാ നേതൃത്വത്തില്‍ നില്‍ക്കുന്നയാളോ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമോ ഉള്ള വ്യക്തിയല്ലെന്നാണ് പരാതിയില്‍ പറയുന്നത്. വൈശാഖിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയസാധ്യതയുള്ള വടക്കാഞ്ചേരിയില്‍ പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

വടക്കാഞ്ചേരി നിയോജക മണ്ഡലത്തില്‍ വര്‍ഷങ്ങളായി പാര്‍ട്ടിക്ക് നേതൃത്വം നല്‍കുകയും മറ്റും ചെയ്യുന്ന ജനപ്രതിനിധികളും ജനകീയ മുഖമുള്ളവരും മണ്ഡലത്തില്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്തവരുമായ നേതാക്കളും ഉള്ളതാണെന്നും അവരെ ആരെയെങ്കിലും പരിഗണിക്കണമെന്നുമാണ് ആവശ്യം.