Headlines

ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കുമോ? ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം

അര്‍ജന്റീനയും സ്‌പെയിനും മുഖാമുഖമെത്തുന്ന ഫൈനലിസിമ പോരാട്ടം നടക്കുമോയെന്ന് ഇന്നറിയാം. വേദിയുടെ കാര്യത്തില്‍ ധാരണയിലെത്തിയില്ലെങ്കില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന ലിയോണല്‍ മെസി – ലമീന്‍ യമാല്‍ പോരാട്ടം നടക്കില്ല. (finalissima)കോപ്പ അമേരിക്ക – യൂറോ കപ്പ് ചാമ്പ്യന്മാര്‍ പോരടിക്കുന്ന അള്‍ട്ടിമേറ്റ് ഫൈനല്‍ അഥവ ഫൈനലിസിമ പോരാട്ടം നിശ്ചിച്ചിരുന്നത് 27ന് ഖത്തര്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ്. അര്‍ജന്റീന ലോകകപ്പ് ഉയര്‍ത്തിയ ലുസൈലില്‍ ലിയോണല്‍ മെസിയും പിന്‍ഗാമിയെന്ന് വാഴ്ത്തപ്പെടുന്ന ലമീന്‍ യമാലും ആദ്യമായി നേര്‍ക്കുനേരെത്തുവെന്നതായിരുന്നു ഹൈലൈറ്റ്. എന്നാല്‍, പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് പിന്നാലെ ഖത്തര്‍ ഫുട്‌ബോള്‍ മത്സരങ്ങള്‍ നിര്‍ത്തിവച്ചത് മത്സരനടത്തിപ്പ് പ്രതിസന്ധിയിലാക്കി.

താരങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മത്സരം യൂറോപ്പില്‍ നടത്താനാണ് ലാറ്റിനമേരിക്കന്‍ – യൂറോപ്പ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുകളുടെ ആലോചന. യുവേഫയും സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷനും മത്സരം മാഡ്രിഡിലെ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടത്താമെന്ന ഓഫര്‍ വച്ചെങ്കിലും ഇത് തള്ളുകയാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. മത്സരം നിഷ്പക്ഷ വേദിയില്‍ നടത്തണമെന്നാണ് ആവശ്യം. ഇന്നത്തെ അവസാനവട്ട ചര്‍ച്ചകളിലും വേദിക്കാര്യത്തില്‍ ധാരണയിലെത്താനായില്ലെങ്കില്‍ ഫുട്‌ബോള്‍ ലോകം കാത്തിരുന്ന പോരാട്ടം നഷ്ടമാകും.